Connect with us

interview

തിരുത്തുന്നവരിലും പുതുക്കുന്നവരിലുമാണ് പ്രതീക്ഷ

എന്തിലും ഏതിലും "രാഷ്ട്രീയ'മുണ്ട്. എന്നിലും എന്റെ കവിതയിലുമുണ്ട്. നമ്മുടെ ബഹുസ്വരതക്ക് മുറിവേൽക്കുന്ന, അനീതികൾ തുടർക്കഥയാക്കുന്ന ആളുകളുടെ കൂടെ കൂടാൻ വയ്യ.

Published

|

Last Updated

? വീടും നാടും വായനയുമായി ബന്ധപ്പെട്ട ബാല്യകാല സ്മരണകൾ എന്തൊക്കെയാണ്

പത്താം ക്ലാസ് കഴിഞ്ഞതോടെ ചില ശാരീരിക പ്രശ്‌നങ്ങളാൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. രണ്ട് വർഷത്തോളം കിടപ്പിലായി. ആ കാലത്ത് ഒരുപാട് വായിച്ചു. എന്തൊക്കെയോ മനസ്സിൽ കുറിച്ചിടുമായിരുന്നു. ചെറിയ കഥകളാണ് തുടക്കം. പിന്നെ കവിതകളും. കേരളോത്സവത്തിൽ അവരവരുടെ ക്ലബ്ബിന് പോയിന്റ് കിട്ടാൻ എന്തു വേഷവും കെട്ടുന്ന കാലമായിരുന്നു അത്. അതുവരെ ഒന്നും കടലാസിലേക്ക് പകർത്താത്ത ഞാൻ ഒരു തവണ കഥക്ക് മത്സരിച്ചപ്പോൾ ഫസ്റ്റ് കിട്ടി. മുതിർന്ന “എഴുത്താളർ’ ഒക്കെ മത്സരിച്ച കാലമായിരുന്നു അത്. അന്നാരൊക്കെയോ നീ എഴുത്ത് വിടരുത്… കൂടുതൽ എഴുതണം എന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിച്ചു. അങ്ങനെ കഥയും കവിതയും കുറിപ്പുകളുമൊക്കെയായി തുടർന്നു.

?മോങ്ങാനിരിക്കുമ്പോൾ / തലയിൽ തേങ്ങ വീണു ചത്ത / ഏതു നായയുടെ / ഫോസിലാണ് ചിരവ/ ഒരുപാടു വീര്യമുള്ള / പ്രതിഷേധം കൊണ്ടാവുമോ / എത്രയടക്കി നിർത്തിയിട്ടും / ചിരവ/ തേങ്ങ കാണുമ്പോഴെല്ലാം / കുരയ്ക്കുകയും മുരളുകയും / ചെയ്തു പോവുന്നത് എന്ന കവിതയും, ഓഗസ്റ്റ് 15 / ചെയ്യാത്ത കുറ്റത്തിന് / ഇരുട്ടുമുറിയിലടക്കപ്പെട്ട / പതാകകൾ / പരോളിലിറങ്ങും എന്നും തുടങ്ങിയ കുഞ്ഞുകവിതകൾ ഓരോന്നും ഓരോ ഏറുപടക്കങ്ങളാണ്. കടുകിൽ കടലിനെ ഒളിപ്പിച്ചുവെച്ചുള്ള ഈയൊരു മാന്ത്രികത പൂർവികരായ കവികളിൽ ആരെയെങ്കിലും സ്വാധീനിച്ചുണ്ടായതാണോ

കവിതയിലെ വരികൾ കുറവായാലും കൂടുതൽ ആയാലും എല്ലാം പൊതുവിൽ “കവിത’ തന്നെയാണ്. എത്രത്തോളം “കവിത’ ഉണ്ട് എന്നതാണ് കാര്യം. വരികൾ കുറഞ്ഞ “നീളത്തിൽ’ ചെറിയ കവിതകൾ എഴുതുന്ന പലരും മുന്പും ഇപ്പോഴും ഉണ്ട്. പലപ്പോഴും ഇത്തരം കവിതകൾ ചെറിയ കുസൃതിയായോ കൗതുകമായോ ഒക്കെ അവസാനിക്കുന്നതായാണ് കാണാറുള്ളത്. വായിച്ചശേഷം ഭൂരിഭാഗം എഴുത്തുകളും ഒന്നും മനസ്സിൽ അവശേഷിപ്പിക്കാറില്ല, അപ്പോഴാണ് കവിതയുടെ നീളം ചെറുതായാലും അതിൽ ചരിത്രവും രാഷ്ട്രീയവും ദർശനവും തത്വചിന്തയും സൗന്ദര്യവും സംവാദവും ഒരു പുതുമയും എങ്ങനെ ഉൾക്കൊള്ളിക്കാം എന്ന് കാര്യമായി ആലോചിക്കുന്നത്. ചെറിയ “കവിത’ എഴുതുന്നത് ഒരു എളുപ്പ പണിയല്ല. പൂർവികർ തരേണ്ട ഒന്നല്ല കവിതയിലെ പുതുമ; നമ്മൾ ധ്യാനത്തോടെ, സൂക്ഷ്മതയോടെ നേടിയെടുക്കേണ്ടതാണ്.

?അടിച്ചമർത്തപ്പെട്ടവരുടെ കൂടെ നിൽക്കുക എന്നതാണ് കവിപക്ഷം. പാർശ്വവത്കൃതന്റെയും നിസ്വന്റെയും പതിതരുടെയും കൂടെ തോൾ ചാരി, അവരുടെ ജീവിതത്തിലേക്ക് ചെവി ചേർത്ത് സഞ്ചരിക്കുന്പോൾ അതിൽ അന്തർലീനമായി ക്കിടക്കുന്നത് തികഞ്ഞ രാഷ്ടീയമാണ്. താങ്കളൊരു രാഷ്ടീയ കവിയാണെന്ന് പറയാതെ പറയേണ്ടി വരുമോ

എന്തിലും ഏതിലും “രാഷ്ട്രീയ’മുണ്ട്. എന്നിലും എന്റെ കവിതയിലുമുണ്ട്. നമ്മുടെ ബഹുസ്വരതക്ക് മുറിവേൽക്കുന്ന, അനീതികൾ തുടർക്കഥയാക്കുന്ന ആളുകളുടെ കൂടെ കൂടാൻ വയ്യ. തിരുത്തുന്നവരിലും പുതുക്കുന്നവരിലുമാണ് പ്രതീക്ഷ. നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ വീക്ഷണം പോലും അപകടകരമാം വിധം വളച്ചൊടിക്കപ്പെടുകയാണ്. വിശ്വാസികളും വിപ്ലവകാരികളും ചേർന്നതാണ് ഇന്ത്യ. അതിനെ സർഗാത്മകമായി മുന്നോട്ട് നയിക്കാൻ ആവുക ഇടതുപക്ഷത്തിനാണ്. രാഷ്ട്രത്തെ സംബന്ധിച്ച് ഉന്നതമായ ചിന്തകളുള്ള മനുഷ്യരുണ്ടാകണം. അങ്ങനെയുള്ളവരുടെ ഒരു വിശാല മുന്നണിക്കെ ഇന്ത്യയെ രക്ഷിക്കാനും മുന്നോട്ടു നയിക്കാനും കഴിയൂ. ഇങ്ങനെ ചിന്തിക്കുന്നതിനാൽ ഞാൻ രാഷ്ട്രീയ കവിയാണ്. അതെനിക്ക് കുറച്ചിലല്ല; അഭിമാനമാണ്. രാഷ്ട്രീയത്തെ അപമാനമായി കണ്ട് തന്ത്രപൂർവം ഒളിച്ചു വെക്കുകയും അധികാരവും മറ്റും കിട്ടുമ്പോൾ അതിന്റെ അപ്പക്കഷ്ണം കിട്ടാൻ ഓരിയിടുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ ഞാൻ ഉണ്ടാകില്ല. മുൻകാലങ്ങളിൽ പ്രത്യക്ഷത്തിൽ രാഷ്ട്രീയം എഴുതാത്ത ആളുകൾ കൂടി രാഷ്ട്രീയ കവിതകൾ എഴുതുന്നത് രാഷ്ട്രീയം ഒഴിവാക്കി കൊണ്ട് അവർക്കോ കവിതക്കോ മുന്നോട്ട് പോകാൻ ആകില്ല എന്നതുകൊണ്ടു കൂടിയാണ്.

Latest