Connect with us

Editors Pick

വമ്പൻ മൈലേജ്! ഹോണ്ട സെഡ് ആർ വി ഹൈബ്രിഡ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രീ ബുക്കിങ് ആരംഭിച്ചു

സാധാരണ എസ്‌യുവികളിൽ കണ്ടുവരുന്ന പരമ്പരാഗത ബോക്‌സി ഡിസൈൻ ശൈലിയിൽ നിന്നും മാറി മനോഹരമായ റൗണ്ടഡ് ഡിസൈനിലാണ് ഹോണ്ട സെഡ് ആർ വി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ ഹോണ്ട സെഡ് ആർ വി ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തി. ജനപ്രിയ മോഡലായ സിറ്റിയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പിനൊപ്പമാണ് ഈ പുത്തൻ മോഡലും കമ്പനി അവതരിപ്പിച്ചത്. പൂർണ്ണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കംപ്ലീറ്റ്‌ലി ബിൽറ്റ് യുണിറ്റ് (സി ബി യു) രൂപത്തിലായിരിക്കും ഈ വാഹനം രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിക്കുക.

വളരെ പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും ഈ പ്രീമിയം എസ്‌യുവി ഇന്ത്യയിൽ ലഭ്യമാകുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ ഔദ്യോഗിക വിലയും വിപണിയിൽ പുറത്തിറക്കുന്ന തീയതിയും ഹോണ്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഈ വാഹനത്തിൽ താല്പര്യമുള്ള ഉപഭോക്താക്കൾക്കായി പ്രീ ബുക്കിങ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. ജൂലൈ 2026 ഓടെ വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഡിസൈൻ സവിശേഷതകൾ

സാധാരണ എസ്‌യുവികളിൽ കണ്ടുവരുന്ന പരമ്പരാഗത ബോക്‌സി ഡിസൈൻ ശൈലിയിൽ നിന്നും മാറി മനോഹരമായ റൗണ്ടഡ് ഡിസൈനിലാണ് ഹോണ്ട സെഡ് ആർ വി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൽ ഷേപ്പിലുള്ള ഡി ആർ എല്ലുകൾ ഉൾക്കൊള്ളുന്ന സ്ലീക്ക് എൽ ഇ ഡി ഹെഡ്‌ലൈറ്റുകളാണ് ഇതിന്റെ പ്രധാന ആകർഷണം. മുൻവശത്ത് ബ്ലാക്ക് വെർട്ടിക്കൽ സ്ലാറ്റ് ഗ്രില്ലും ഇരുവശങ്ങളിലും എയർ വെന്റുകളോട് കൂടിയ ബംപറും നൽകിയിരിക്കുന്നു. വശങ്ങളിലേക്ക് നോക്കിയാൽ വലിയ വീൽ ആർച്ചുകളും അതിനുള്ളിലായി 18 ഇഞ്ച് അലോയ് വീലുകളും കാണാം.

പിൻഭാഗത്തും മുൻവശത്തിന് അനുയോജ്യമായ രീതിയിലുള്ള ഷാർപ്പ് ടെയിൽലാമ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിൽവർ ട്രിമ്മോട് കൂടിയ രണ്ട് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടുന്ന ബ്ലാക്ക് ഫിനിഷ്ഡ് ബംപർ, റൂഫ് മൗണ്ടഡ് സ്‌പോയിലർ, റിയർ വൈപ്പർ എന്നിവയും പിന്നിലുണ്ട്. അളവുകളുടെ കാര്യത്തിൽ 4576 മില്ലീമീറ്റർ നീളവും 1840 മില്ലീമീറ്റർ വീതിയും 1621 മില്ലീമീറ്റർ ഉയരവും ഈ വാഹനത്തിനുണ്ട്.

ഇന്റീരിയറും ഫീച്ചറുകളും

മിനിമലിസ്റ്റിക് ശൈലിയിലുള്ള ഇന്റീരിയറാണ് ഹോണ്ട സെഡ് ആർ വി ഹൈബ്രിഡിന് നൽകിയിരിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ഇൻഫോടൈൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേയും അടങ്ങുന്ന ഡ്യുവൽ സ്‌ക്രീൻ സംവിധാനം ഇതിലുണ്ട്.

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, 12 സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ലെതറെറ്റ് മെറ്റീരിയൽ ഉപയോഗിച്ചാണ് സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. 8 രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റും 4 രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന കോ ഡ്രൈവർ സീറ്റും പവർഡ് ടെയിൽഗേറ്റും ആംബിയന്റ് ലൈറ്റിങ്ങും ഇതിലുണ്ട്. പരമ്പരാഗത ഗിയർ ലിവറിന് പകരം ബട്ടണുകൾ ഉപയോഗിച്ചുള്ള ഗിയർ സെലക്ടറാണ് നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി 8 എയർബാഗുകൾ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എ ഡി എ എസ്), ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (ടി പി എം എസ്), 360 ഡിഗ്രി ക്യാമറ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.

എഞ്ചിനും പെർഫോമൻസും

2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഇതോടൊപ്പം ഡ്യുവൽ മോട്ടോർ സ്ട്രോങ്ങ് ഹൈബ്രിഡ് സിസ്റ്റവും ചേരുമ്പോൾ വാഹനം 184 എച്ച് പി കരുത്തും 315 എൻ എം ടോർക്കും ഉത്പാദിപ്പിക്കും. ഫ്രണ്ട് വീൽ ഡ്രൈവ് (എഫ് ഡബ്ല്യു ഡി) ലേഔട്ടിലുള്ള വാഹനത്തിൽ ഇ സി വി ടി ഗിയർബോക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. വെറും 8 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എസ്‌യുവിക്ക് സാധിക്കും. മണിക്കൂറിൽ 172 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ലിറ്ററിന് 22.79 കിലോമീറ്റർ മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Summary

Honda Cars India has officially debuted its flagship SUV, the Honda ZR-V, in the Indian market alongside the new City Facelift. The premium hybrid SUV will be sold in limited numbers as a completely built unit (CBU) import. Powered by a 2.0-liter petrol engine coupled with a dual-motor strong-hybrid setup, it delivers an impressive fuel economy of 22.79 kmpl. While official pricing is yet to be announced, pre-bookings have commenced with customer deliveries scheduled to begin in July 2026.

Latest