Connect with us

Kerala

പെട്രോള്‍ പമ്പ് കൈമാറ്റ തട്ടിപ്പ്: കോടികള്‍ നഷ്ടപ്പെട്ടതായി പരാതി; പ്രതിക്കെതിരെ ചന്തേര പോലീസ് കേസെടുത്തു

കരാര്‍ പ്രകാരം 3 കോടി രൂപ ഗള്‍ഫില്‍ വെച്ച് കൈമാറിയതായും, പിന്നീട് 2024 മെയ് മാസത്തില്‍ 25 ലക്ഷം രൂപ കൂടി നല്‍കിയതായും പരാതിയില്‍ പറയുന്നു

Published

|

Last Updated

കാസര്‍കോട് |  ചെറുവത്തൂരിലെ ബി.പി.സി.എല്‍ പെട്രോള്‍ പമ്പ് കൈമാറ്റവുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പും വിശ്വാസവഞ്ചനയും നടത്തിയതായി പരാതി. മലപ്പുറം തിരൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ് പടുങ്ങത്തിലിനെതിരെ ഡോ. ഫാത്തിമത്ത് അര്‍ഷിന നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരാതിക്കാരിയുടെ പിതാവ് വര്‍ഷങ്ങളായി ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന വ്യക്തിയാണ്. മകളുടെ പേരില്‍ ഒരു സ്ഥാപനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുവത്തൂരിലെ ബി.പി.സി.എല്‍ പെട്രോള്‍ പമ്പ് വാങ്ങാന്‍ തീരുമാനിച്ചത്. പ്രസ്തുത പമ്പ് നിലനില്‍ക്കുന്ന സ്ഥലം പരാതിക്കാരിയുടെ പിതാവിന്റെ പേരിലുള്ളതും അദ്ദേഹം വാടക അടിസ്ഥാനത്തില്‍ ബി.പി.സി.എല്‍-ന് വിട്ടുനല്‍കിയിട്ടുള്ളതുമാണ്. ഇതിനായി 3 കോടി 40 ലക്ഷം രൂപയ്ക്ക് ലൈസന്‍സ് കൈമാറാമെന്ന വ്യവസ്ഥയില്‍ ഡോ. ഫാത്തിമത്ത് അര്‍ഷിനയും പ്രതി ഷാഹുല്‍ ഹമീദും തമ്മില്‍ കരാര്‍ ഉണ്ടാക്കിയിരുന്നു.

കരാര്‍ പ്രകാരം 3 കോടി രൂപ ഗള്‍ഫില്‍ വെച്ച് കൈമാറിയതായും, പിന്നീട് 2024 മെയ് മാസത്തില്‍ 25 ലക്ഷം രൂപ കൂടി നല്‍കിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് 2024 മെയ് 15 മുതല്‍ പമ്പിന്റെ നടത്തിപ്പ് അവകാശം പൂര്‍ണ്ണമായും ഡോ. ഫാത്തിമത്ത് അര്‍ഷിനയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. പ്രതിമാസം മൂന്ന് ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള നല്ല നിലയില്‍ നടന്നുപോയിരുന്ന പെട്രോള്‍ പമ്പായിരുന്നു ഇത്.

ലൈസന്‍സ് മാറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചതായി ഷാഹുല്‍ ഹമീദ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കാലതാമസം വരുത്തുകയായിരുന്നു. തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ ബി.പി.സി.എല്‍-ല്‍ ലൈസന്‍സ് മാറ്റത്തിനായി സംയുക്തമായി അപേക്ഷ നല്‍കുകയും 25,000 രൂപ ഫീസായി അടയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് അപേക്ഷയില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ലൈസന്‍സ് കൈമാറ്റം പലവിധ ഒഴിവുകഴിവുകള്‍ നിരത്തി മനഃപൂര്‍വ്വം വൈകിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഒടുവില്‍ 2026 ഫെബ്രുവരി 4-ന് പ്രതി ഡോ. ഫാത്തിമത്ത് അര്‍ഷിനയുടെ നടത്തിപ്പിലുള്ള പെട്രോള്‍ പമ്പിലെത്തി പൂട്ടുതകര്‍ത്ത്, ബി.പി.സി.എല്‍-ല്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന 32 ലക്ഷം രൂപ കൈവശപ്പെടുത്തുകയും പുതിയ പൂട്ടിട്ട് പമ്പ് അടയ്ക്കുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു. കൂടാതെ പമ്പിലുണ്ടായിരുന്ന മാനേജരെയും പ്രധാന തൊഴിലാളികളെയും ജോലിയില്‍ നിന്ന് പിടിച്ചുപുറത്താക്കുകയും ചെയ്തു.
സംഭവത്തില്‍ നിരവധി തവണ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒരു പരിഹാരവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡോ. ഫാത്തിമത്ത് അര്‍ഷിന നിയമസഹായം തേടിയത്. ചന്തേര പോലീസ് ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പ്രതിയായ ഷാഹുല്‍ ഹമീദ് മുന്‍പും ദുബായില്‍ സമാനമായ വഞ്ചനാക്കുറ്റത്തിന് ജയില്‍വാസം അനുഭവിച്ച് ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയ ആളാണ്. ആ കേസിന്റെ വിചാരണ ദുബായ് ക്രിമിനല്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് നാട്ടിലും ഇയാള്‍ മറ്റൊരു ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നത്

 

Latest