Connect with us

National

ഹിന്‍ഡന്‍ബര്‍ഗ് ആരോപണം; അദാനിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി

അദാനിക്കെതിരായ സെബി അന്വേഷണം തുടരും. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| വ്യവസായി ഗൗതം അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ജെ.പി പാര്‍ദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര അന്വേഷണമടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹരജികള്‍ എത്തിയത്. എന്നാല്‍ അദാനിക്കെതിരായ സെബി അന്വേഷണം തുടരും.

അദാനിക്കെതിരെ ഉയര്‍ന്ന 22 ആരോപണങ്ങളില്‍ 20 എണ്ണത്തിലും സെബി അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടെണ്ണത്തില്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം സെബിയുടെ നിയന്ത്രണചട്ടക്കൂടിലേക്ക് പ്രവേശിക്കാനുള്ള കോടതിയുടെ അധികാരം പരിമിതമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെബി അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് അഭിഭാഷകരായ വിശാല്‍ തിവാരി, എം.എല്‍ ശര്‍മ്മ, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍, അനാമിക ജയ്‌സ്വാള്‍ എന്നിവര്‍ നല്‍കിയ ഹരജികളാണ് കോടതി വാദം കേട്ടത്. നിലവില്‍ സെബിയുടെ അന്വേഷണത്തെ സംശയിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ഹാജരാക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെബിക്ക് അന്വേഷണത്തില്‍ ഉപയോഗപ്പെടുത്താനാകുമെന്നും കോടതി വ്യക്തമാക്കി.

 

 

 

 

---- facebook comment plugin here -----

Latest