Kerala
സര്‍വകലാശാലകളില്‍ സ്ഥിരം വി സിമാരെ നിയമിക്കാത്തതിനെതിരെ ഹൈക്കോടതി
സ്ഥിരം വി സിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഗുണകരമല്ല, പ്രശ്‌നം പരിഹരിക്കണമെന്നും കോടതി
		
      																					
              
              
            കൊച്ചി | സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാത്തതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശം. സംസ്ഥാന സര്‍ക്കാറിനെയും ചാന്‍സലറെയുമാണ് ഡിവിഷന്‍ ബഞ്ച് വിമര്‍ശിച്ചത്.
സ്ഥിരം വി സിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഗുണകരമല്ലെന്ന് കോടതി വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡോ. മോഹന്‍ കുന്നുമ്മലിന് കേരള വിസിയുടെ അധികച്ചുമതല നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജിയിലെ വിധിയിലാണ് കോടതി വിധി.
സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും സ്ഥിരം വിസിമാരില്ല. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയെ ക്ഷീണിപ്പിക്കുമെന്നാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മക്കായിരിക്കണം പ്രാധാന്യമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. വി സി നിയമനവുമായി ബന്ധപ്പെട്ട് നിരന്തരം ഹരജികള്‍ വരുന്ന സ്ഥിതിയുണ്ടെന്നും ഇതും വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          