Heavy rain
സംസ്ഥാനത്ത് മലയോര മേഖലകളില്‍ മഴ കനക്കും
ആഴക്കടല്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടവര്‍ ഇന്ന് രാവിലെയോടെ സുരക്ഷിത തീരങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം
തിരുവനന്തപുരം | കനത്ത മഴയുണ്ടാകുമെന്ന കാലാവവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിലും വ്യാഴാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ച് വ്യാഴാഴ്ച രാവിലെയോടെ തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്കും നാളെയും മറ്റന്നാളും അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
മലയോര മേഖലകളില്‍ മഴ കനത്തേക്കും. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേരളാതീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. നിലവില്‍ കേരള -കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല . ആഴക്കടല്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിട്ടുള്ള തൊഴിലാളികള്‍ ഇന്ന് രാവിലെയോടെ സുരക്ഷിത തീരങ്ങളിലേക്ക് മാറാനും നിര്‍ദേശം നല്‍കി.



