Connect with us

Kerala

കുറഞ്ഞ സമയം കൊണ്ട് വലിയ മഴ, മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം;മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 223പേരെയാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും.നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യത ഏറെയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 223പേരെയാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും നിര്‍ദേശമുണ്ട്.

Latest