Saudi Arabia
സഊദിയില്‍ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത; വിവിധ പ്രവിശ്യകളില്‍ ജാഗ്രതാ നിര്‍ദേശം
മക്ക, ജിദ്ദ, റാബിഖ്, തായിഫ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖലകളിലും മദീന, ഖസീം, ഹാഇല്‍, തബൂക്ക് തുടങ്ങിയ വടക്കന്‍ പ്രവിശ്യകളിലും ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടാകും.
റിയാദ് | സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്ക, ജിദ്ദ, റാബിഖ്, തായിഫ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖലകളിലും മദീന, ഖസീം, ഹാഇല്‍, തബൂക്ക് തുടങ്ങിയ വടക്കന്‍ പ്രവിശ്യകളിലും ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
തലസ്ഥാനമായ റിയാദിന്റെ വടക്കന്‍ ഭാഗങ്ങളിലും കിഴക്കന്‍ പ്രവിശ്യയുടെ ചില മേഖലകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മഴയെ തുടര്‍ന്ന് കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.
തീരദേശ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം പൂര്‍ണ സജ്ജമാണെന്നും ഔദ്യോഗിക സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു.




