Connect with us

Saudi Arabia

സഊദിയില്‍ കസ്റ്റംസ് പരിശോധന; അതിര്‍ത്തികളില്‍ പിടികൂടിയത് 965 നിരോധിത ഇനങ്ങള്‍

ഹാഷിഷ്, കൊക്കെയ്ന്‍, ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍, കാപ്റ്റഗണ്‍ ഗുളികകള്‍ തുടങ്ങിയ അപകടകാരികളായ ലഹരിവസ്തുക്കളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയിലെ കര, കടല്‍, വ്യോമ അതിര്‍ത്തികളില്‍ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി നടത്തിയ പരിശോധനകളില്‍ 965 നിരോധിത ഇനങ്ങള്‍ പിടികൂടി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത കടത്തുകള്‍ തടയുന്നതിനുമുള്ള ഊര്‍ജിത നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട 114 കേസുകളും മറ്റ് നിരോധിത വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച 437 സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഹാഷിഷ്, കൊക്കെയ്ന്‍, ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍, കാപ്റ്റഗണ്‍ ഗുളികകള്‍ തുടങ്ങിയ അപകടകാരികളായ ലഹരിവസ്തുക്കളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

ഇവ കൂടാതെ, പുകയില ഉത്പന്നങ്ങള്‍ കടത്താനുള്ള 1,950 ശ്രമങ്ങളും വെളിപ്പെടുത്താത്ത വിദേശ കറന്‍സികള്‍ കൈവശം വെച്ച പത്ത് കേസുകളും ആയുധങ്ങള്‍ കടത്താന്‍ ശ്രമിച്ച മൂന്ന് കേസുകളും അധികൃതര്‍ തടഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്കും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കസ്റ്റംസ് പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് അതോറിറ്റി അറിയിച്ചു. കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സാമ്പത്തിക പാരിതോഷികം നല്‍കും. വിവരങ്ങള്‍ കൈമാറുന്നവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.

 

Latest