Kerala
'വർഗ്ഗ വഞ്ചകന് മാപ്പില്ല'; ജി. സുധാകരനെതിരെ പോസ്റ്ററുകൾ പതിപ്പിച്ച് സിപിഎം
രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയാണ് സിപിഎം പ്രവര്‍ത്തകര്‍ പോസ്റ്ററുകളൊട്ടിച്ചത്.
ആലപ്പുഴ| സിപിഎം മുന്‍ മന്ത്രി ജി സുധാകരനെതിരെ അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിന്റെ മതിലുകളില്‍ പോസ്റ്ററുകള്‍. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘വര്‍ഗ വഞ്ചകന് മാപ്പില്ല’, ‘വോട്ടില്ല’ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയാണ് സിപിഎം പ്രവര്‍ത്തകര്‍ പോസ്റ്ററുകളൊട്ടിച്ചത്.
സുധാകരനെതിരെ വരും ദിവസങ്ങളില്‍ വ്യാപകമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നാളെ മുതല്‍ വിശദീകരണ യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഏരിയ സെക്രട്ടറി വ്യക്തമാക്കി. മറ്റാര്‍ക്കും നല്‍കാത്തത്രയും പരിഗണന പാര്‍ട്ടി ജി സുധാകരന് നല്‍കിയിട്ടുണ്ടെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രായം കാരണമാണ് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് മാറ്റി ആലപ്പുഴ ജില്ലയുടെ ചുമതലകള്‍ നല്‍കിയത്. രക്തസാക്ഷിയുടെ സഹോദരന്‍ എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ പരിഗണനയാണ് സുധാകരന്‍ സഖാവിന് നല്‍കിയത്. ഒരു കാലത്തും ഒരു അവഗണനയും ഞങ്ങള്‍ അദ്ദേഹത്തോട് കാണിച്ചിട്ടില്ല ആര്‍ നാസര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജി സുധാകരന്‍ അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.




