Kerala
സിപിഎമ്മിൽ വലിയ കൊഴിഞ്ഞുപോക്ക് നടക്കുന്നു; കാരണം പത്ത് വർഷത്തെ ഭരണം: വിഡി സതീശന്‍
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ പവര്‍ കോറിഡോര്‍ സംവിധാനമാണ് ഇന്ന് സംസ്ഥാനത്ത് പവര്‍ കട്ട് ഇല്ലാത്തതിന് പ്രധാന കാരണം- വിഡി സതീശന്‍
തിരുവനന്തപുരം| സിപിഎമ്മില്‍ വലിയ രീതിയിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുന്നു വെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത്തരമൊരു കൊഴിഞ്ഞുപോക്ക് കേരള ചരിത്രത്തില്‍ ആദ്യമാണെന്നും സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ക്ക് ഭരണത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ നിരാശരാണെന്നും സതീശന്‍ പറഞ്ഞു.
പാലക്കാട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലുണ്ടായ പ്രതിഷേധങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സിപിഎം പാര്‍ട്ടി വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു.
പത്തുവര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണമാണ് പാര്‍ട്ടിക്കുള്ളില്‍ ഈ അവസ്ഥ സൃഷ്ടിച്ചതെന്നും സതീശന്‍ വിമര്‍ശിച്ചു. പാര്‍ട്ടിക്കുള്ളിലെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ നടപടികളെ പരസ്യമായി ചോദ്യം ചെയ്യുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്നും സതീശന്‍ പരിഹസിച്ചു. സിപിഎമ്മിനെ ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് മൂല്യപ്രശ്‌നമാണെന്നും പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള വ്യതിയാനവും നിലവാരത്തകര്‍ച്ചയും പ്രകടമാണെന്നും അദ്ദേഹം ആരോപിച്ചു. ജി സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലും വർഗ്ഗവഞ്ചകന് വോട്ടില്ല എന്ന പ്രതിഷേധം ഉയരുന്നത് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ തെളിവാണ്. പാര്‍ട്ടിയുമായി ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ വിവിധ കേസുകളില്‍ കുടുക്കുന്നുവെന്ന വിമര്‍ശനവും സതീശന്‍ ഉന്നയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലെ പണം ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ജനങ്ങളില്‍നിന്ന് ഈടാക്കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയുടെയും പിആര്‍ വര്‍ക്കുകള്‍ നടത്തുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം ഫണ്ടുകള്‍ ഉപയോഗിക്കേണ്ടതാണെന്നും എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ചാണ് പ്രചാരണം നടക്കുന്നതെന്നുമാണ് സതീശന്റെ ആരോപണം.
മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പ്രതിച്ഛായ ഉയര്‍ത്തുന്നതിനായി ഖജനാവില്‍നിന്ന് വലിയ തോതില്‍ പണം ചെലവഴിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും പി ആര്‍ പ്രചാരണങ്ങള്‍ക്ക് തടസ്സമില്ലെന്നാണ് സതീശന്റെ വിമര്‍ശനം.
കഴിഞ്ഞ അഞ്ച് മാസമായി പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കുന്നില്ലെന്നും പത്തുലക്ഷത്തിന് താഴെയുള്ള പല ബില്ലുകളും പോലും തടഞ്ഞുവെക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈദ്യുതി മേഖലയിലെ നേട്ടങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പറയുന്ന അവകാശവാദങ്ങള്‍ തെറ്റാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ പവര്‍ കോറിഡോര്‍ സംവിധാനമാണ് ഇന്ന് സംസ്ഥാനത്ത് പവര്‍ കട്ട് ഇല്ലാത്തതിന് പ്രധാന കാരണം.പുറത്തുനിന്ന് വൈദ്യുതി എത്തിക്കാന്‍ ഈ സംവിധാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നും എന്നാല്‍ അതിനെ സ്വന്തം നേട്ടമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.
ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. മുഖ്യമന്ത്രി അവനോടൊപ്പമാണോ അവളോടൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ഗണേഷ് കുമാര്‍ കുടുംബപ്രശ്‌നത്തിന്റെ പേരില്‍ രാജിവെക്കണമെന്ന് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് രാജി ചോദിച്ചുവാങ്ങിയ പിണറായി വിജയന്‍ ഇന്ന് മുഖ്യമന്ത്രിയായപ്പോള്‍ ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെത് ഇരട്ടത്താപ്പാണെന്നും കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നും വിഡി സതീശന്‍ പറഞ്ഞു.




