Connect with us

Uae

അല്‍ ഖൂസ് ആര്‍ട്‌സ് ഫെസ്റ്റിവല്‍; ആവേശമായി ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം

ദുബൈയെ ലോകത്തെ പ്രധാന ക്രിയേറ്റീവ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം വ്യക്തമാക്കുന്നത്.

Published

|

Last Updated

ദുബൈ | അല്‍ ഖൂസ് ക്രിയേറ്റീവ് സോണിലെ അല്‍സെര്‍ക്കല്‍ അവന്യൂവില്‍ നടക്കുന്ന അല്‍ ഖൂസ് ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ 14-ാം പതിപ്പില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ശനിയാഴ്ച രാവിലെ അവിടെയുണ്ടായിരുന്ന കലാകാരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും വലിയ സര്‍പ്രൈസായാണ് ഭരണാധികാരി എത്തിയത്. ഫെസ്റ്റിവലിലെ വിവിധ കലാപ്രദര്‍ശനങ്ങള്‍ വീക്ഷിച്ച അദ്ദേഹം, വിദേശികളടക്കമുള്ള കലാപ്രേമികളുമായി ഏറെ നേരം സൗഹൃദം പങ്കുവെച്ചു.

വിവിധ സ്ഥാപനങ്ങളില്‍ കയറി കുട്ടികളുമായി വാത്സല്യത്തോടെ സംവദിക്കുകയും അവരെ തലോടി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അരികില്‍ നിന്നവര്‍ക്ക് കൈവീശി കാണിച്ചും ഫോട്ടോകള്‍ക്ക് പോസ് ചെയ്തുമാണ് അദ്ദേഹം മടങ്ങിയത്. ദുബൈയെ ലോകത്തെ പ്രധാന ക്രിയേറ്റീവ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം വ്യക്തമാക്കുന്നത്.

പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പരീക്ഷണാത്മക സൃഷ്ടികള്‍ക്ക് വലിയ വേദിയൊരുക്കുന്നതിനുമാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്. തത്സമയ സംഗീത പ്രകടനങ്ങള്‍, പോപ്പ്-അപ്പ് ഷോപ്പുകള്‍, വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി ഫുഡ് ട്രക്കുകള്‍ എന്നിവ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. എല്ലാവര്‍ഷവും ജനുവരിയില്‍ നടക്കാറുള്ള ഈ വാര്‍ഷിക പരിപാടി ദുബൈയിലെ കലാ-സാംസ്‌കാരിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗമങ്ങളിലൊന്നാണ്. ഞായറാഴ്ച രാത്രി 11.30 വരെ ഫെസ്റ്റിവല്‍ തുടരും.

 

Latest