Kerala
സംസ്ഥാന സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരമില്ല; എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തും: എം വി ഗോവിന്ദന്‍
ജനങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട്, പേരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകും.
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി നടത്തിയ ഗൃഹ സന്ദര്‍ശന പരിപാടിയില്‍ നിന്ന് അത് വ്യക്തമായിട്ടുണ്ട്. ജനങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട്, പേരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകും. ജനങ്ങളുടെ നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. ഇടത് മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യു ഡി എഫും ബി ജെ പിയും ഉയര്‍ത്തിയ കള്ളക്കഥ പൊളിഞ്ഞിരിക്കുകയാണ്. സോണിയാ ഗാന്ധിയെ കാണാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പോയത് എന്തിനാണെന്ന ചോദ്യത്തിന് കോണ്‍ഗ്രസ്സിന് ഉത്തരമില്ല. കൊടിമരത്തിലേയ്ക്ക് അന്വേഷണം വന്നപ്പോള്‍ എസ് ഐ ടിക്കെതിരെ വി ഡി സതീശന്‍ രംത്തെത്തി. തന്ത്രിയെ പിടിച്ചതോടു കൂടി ബി ജെ പിയും ആരോപണങ്ങള്‍ നിര്‍ത്തി. പോറ്റിയെ കയറ്റിയത് ഇടതുപക്ഷമല്ല യു ഡി എഫ് ആണ്. സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി പി എം ആരെയും സംരക്ഷിക്കില്ലെന്നും പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി.
പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദത്തിലും പാര്‍ട്ടി നിലപാട് ഗോവിന്ദന്‍ വ്യക്തമാക്കി സി പി എം. ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കും. ആരോപണം പരിശോധിക്കും. പാര്‍ട്ടിയിലെ വിഷയം പരിഹരിക്കും. ഒരു ഫണ്ട് ക്രമക്കേടിനും പാര്‍ട്ടി കൂട്ടുനില്‍ക്കില്ല. വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വര്‍ഗീയമായ ഒരു പരാമര്‍ശവും പാര്‍ട്ടിയില്‍ അനുവദിക്കില്ല. വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചതു കൊണ്ട് നടപടി ആവശ്യമില്ലെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.




