Connect with us

Editors Pick

പത്താം ക്ലാസ് കഴിഞ്ഞോ? ഇനി ഏത് വഴിക്ക് നീങ്ങണം?

ഭാവിയിലെ തുടർ പഠനത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമേ കുത്യമായ കോഴ്‌സ്‌ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളു. കേരളത്തിൽ എസ് എസ് എൽ സി വിജയിച്ചവർക്ക് ചേർന്ന് പഠിക്കാൻ കഴിയുന്ന പ്രധാന കോഴ്‌സുകളെകുറിച്ച് അറിയാം

Published

|

Last Updated

ജീവിതത്തിലെ ഒരു വഴിത്തിരിവിലാണ് പത്താം ക്ലാസ് പരീക്ഷയോടെ കുട്ടികൾ എത്തിപ്പെടുന്നത്. താൻ ഭാവിയിൽ എന്താവണം, ഏത് കരിയർ തിരഞ്ഞെടുക്കണം എന്നിവയെകുറിച്ചെല്ലാം എസ് എസ് എൽ സി എന്ന കടമ്പ കടക്കുന്നതോടെ കുട്ടികൾ തീരുമാനമെടുക്കേണ്ടി വരുന്നു. വിവിധ തരം കോഴ്‌സുകൾ ഉള്ളത് കൊണ്ട് തന്നെ തുടർ പഠനത്തിനുള്ള കോഴ്‌സ്‌ തിരഞ്ഞെടുപ്പ് വിഷമമുള്ളതാവും.

കേരളത്തിൽ എസ് എസ് എൽ സി വിജയിച്ചവർക്ക് ചേർന്ന് പഠിക്കാൻ കഴിയുന്ന പ്രധാന കോഴ്‌സുകളെ കുറിച്ചാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്. ഭാവിയിലെ തുടർ പഠനത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമേ കുത്യമായ കോഴ്‌സ്‌ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളു.

ഹയർ സെക്കണ്ടറി

പത്താം ക്ലാസ് പാസ്സ് ആവുന്ന കുട്ടികളിൽ ഭൂരിപക്ഷവും ഉപരിപഠനത്തിനു തിരഞ്ഞെടുക്കുന്ന കോഴ്സ് ആണ് +2. വിവിധ വിഷയങ്ങൾ ചേർത്ത 45 കോമ്പിനേഷനുകളാണ് +2 വിൽ ഉള്ളത്. ഹ്യൂമാനിറ്റീസ്, കോമേഴ്‌സ്, സയൻസ് എന്നീ 3 വിഭാഗങ്ങളിലാണ് പഠനം സാധ്യമാവുക. എസ് എസ് എൽ സി റിസൾട്ട് വന്ന ഉടനെ തന്നെ +2 വിലേക്കുള്ള പ്രവേശന പ്രക്രിയ ആരംഭിക്കും hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത് വിവിധ ഘട്ടങ്ങളായി ഓൺലൈൻ വഴിയാണ് പ്രവേശനം പൂർത്തീകരിക്കുന്നത്. ഗ്രൂപ്പും കോമ്പിനേഷനും തിരഞ്ഞെടുക്കുമ്പോൾ തുടർ പഠന സാധ്യതകൾ ശ്രദ്ധാപൂർവം പരിഗണിക്കണം.

വൊക്കേഷണൽ ഹയർ സെക്കണ്ടറി

ഹയർ സെക്കന്ഡറിയിൽ പഠിക്കാൻ മറ്റൊരു പ്രധാന അവസരമാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി വഴി ലഭ്യമാകുന്നത്. നൈപുണ്യ വികസനം ലക്ഷ്യമാക്കി +2 പഠനത്തോടൊപ്പം ഏതെങ്കിലും നിർദിഷ്ട തൊഴിൽ മേഖലയിൽ പരിശീലനം കൂടി ലഭ്യമാക്കുന്ന കോഴ്സുകളാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ ഉള്ളത്. vhscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് VHSEയിൽ അഡ്മിഷന് വേണ്ടി അപേക്ഷിക്കേണ്ടത്.

ടെക്‌നിക്കൽ ഹയർ സെക്കണ്ടറി

+2 വിഷയങ്ങളോടൊപ്പം എഞ്ചിനീയറിംഗ് വിഷയങ്ങളും കൂടി പഠിക്കാൻ ടെക്നിക്കൽ ഹയർ സെക്കണ്ടറിയിൽ അവസരം ലഭിക്കുന്നു . സാങ്കേതിക വിഷയങ്ങളടക്കം മൊത്തം 6 വിഷയങ്ങൾ പഠിക്കണം. എഞ്ചിനീയറിംഗ് വിഷയങ്ങളിൽ തുടർ പഠനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ കോഴ്‌സ് ആണ് ഇത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോർസ് ഡെവലപ്മെന്റിന്റെ കീഴിലാണ് ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളുകൾ പ്രവർത്തിക്കുന്നത് .പ്രവേശനത്തിന് www.ihrd.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്

മറ്റു +2 കോഴ്‌സുകൾ

ഇത് കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ, കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് എന്നിവയുടെ കീഴിലുള്ള പ്ലസ് ടു കോഴ്സുകളും ,ഇൻറർനാഷണൽ ബക്കലോറിയേറ്റ് ഓർഗനൈസേഷൻ (IBO), ഇൻറർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജുക്കേഷൻ (IGCSE)എന്നിവയുടെ കീഴിലുള്ള അന്താരാഷ്ട്ര സിലബസ് കോഴ്സുകളും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് , സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് എന്നിവ നടത്തുന്ന തുല്യതാ കോഴ്സുകളും പഠിക്കാൻ അവസരമുണ്ട്.

പോളിടെക്‌നിക്കുകൾ

കേരളത്തിലെ വിവിധ പോളിടെക്നിക്കുകളിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിൽ SSLC വിജയിച്ചവർക്കു പ്രവേശനം നേടാം .നല്ല തൊഴിൽ സാധ്യത ഉള്ള 3 വർഷ കോഴ്സുകളാണ് പോളിടെക്നിക്കുകളിൽ നടത്തപ്പെടുന്നത് .ചില പോളിടെക്നിക്കുകളിൽ ഫാഷൻ ഡിസൈനിങ്, കൊമേർഷ്യൽ പ്രാക്ടീസ് തുടങ്ങിയ എഞ്ചിനീയറിംഗ് ഇതര കോഴ്സുകളും ലഭ്യമാണ് .പ്രവേശനത്തിന് www.polyadmission.org വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. പോളിടെക്നിക് ഡിപ്ലോമ വിജയിച്ചവർക്കു ലാറ്ററൽ എൻട്രി വഴി ബി ടെക് രണ്ടാം വർഷ ക്ലാസ്സിലേക്ക് നേരിട്ട് പ്രവേശനത്തിന് അവസരമുണ്ട്.

ഐ ടി ഐ

വിവിധ മേഖലയിലെ എഞ്ചിനീയറിംഗ്, എഞ്ചിനീയറിംഗ് ഇതര കോഴ്‌സുകൾ ഐ ടി ഐ കളിൽ ലഭ്യമാണ്. നാഷണൽ കൌൺസിൽ ഫോർ വൊക്കേഷൻ ട്രെയിനിങ്, സ്റ്റേറ്റ് കൌൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് എന്നിവയുടെ അംഗീകാരമുള്ള കോഴ്സുകളാണ് ഐ ടി ഐകളിൽ നടത്തപ്പെടുന്നത്. പ്രവേശനത്തിന് www.det.kerla.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ (JDC)

സഹകരണ സംഘങ്ങളിലും സഹകരണ ബാങ്കുകളിലും ക്ലാർക്ക് ജോലി ലഭിക്കുന്നതിനാവശ്യമായ യോഗ്യതയാണ് ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ. സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയൻ നടത്തുന്ന ഈ കോഴ്സിൽ പ്രവേശനം www.scu.kerla.gov.in എന്ന വെബ്സൈറ്റ് വഴിയാണ്.
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹോമിയോപ്പതിക്ക് ഫാർമസി കോഴ്സുകളിൽ പത്താം ക്ലാസുകാർക്ക് പ്രവേശനം ലഭിക്കും. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. കോഴിക്കോടും തിരുവനന്തപുരത്തുമുള്ള ഹോമിയോ മെഡിക്കൽ കോളേജുകളിൽ ആണ് ഈ കോഴ്സ് നടത്തപ്പെടുന്നത്. പ്രവേശനത്തിന് lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

മറ്റു ചില കോഴ്സുകൾ

  • ആയുർവേദ തെറാപ്പി , ആയുർവേദ നഴ്സിംഗ് , ആയുർവേദ ഫാർമസി കോഴ്സുകൾ വിവിധ ആയുർവേദ കോളേജുകളിൽ ലഭ്യമാണ് . ഈ കോഴ്‌സുകൾ ഒരു വർഷം ദൈർഘ്യം ഉള്ളതാണ്. വെബ്സൈറ്റ്: www,Ayurveda.kerala.gov.in
  • കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെൻറർ നടത്തുന്ന പാറ്റേൺ മേക്കിങ് ആൻഡ് കാഡ്, ഗാർമെന്റ് കൺസ്ട്രക്ഷൻ ടെക്നിക്സ്‌, ഗാർമെൻറ് ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി കൺട്രോൾ, മെഷീൻ മെയിന്റനൻസ് മെക്കാനിക്ക് തുടങ്ങിയ കോഴ്സുകളിലേക്ക് പത്താം ക്ലാസുകാർക്ക് പ്രവേശനം നേടാം. നല്ല തൊഴിൽ സാധ്യതയുള്ള കോഴ്സുകളാണ് ഇവയെല്ലാം. വെബ്സൈറ്റ്: atdcindia.co.in.
  • കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ അവസരമുണ്ട് പ്ലാസ്റ്റിക് ടെക്നോളജിയുമായി ബന്ധപ്പെട്ട കോഴ്സുകൾക്ക് നല്ല തൊഴിൽ സാധ്യത ഉണ്ട്. വെബ്സൈറ്റ്: www.cipet.gov.in
  • കപ്പലുകളിലും തുറമുഖങ്ങളിലും നല്ല തൊഴിൽ സാധ്യതയുള്ള മറൈൻ ഫിറ്റർ ,വേസൽ നാവിഗേറ്റർ എന്നീ കോഴ്സുകളിലേക്ക് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് എന്ന സ്ഥാപനത്തിൽ പ്രവേശനം നേടാം. കോഴ്സുകളുടെ ദൈർഘ്യം രണ്ടു വർഷമാണ്.cifnet.gov.in.
  • കേരള സർക്കാറിന്റെ ഡയറക്ടറേറ്റ് ഓഫ് സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്‌സിന്റെ കീഴിൽ നടത്തപ്പെടുന്ന ചെയിൻ സർവ്വേ കോഴ്സിന് പത്താം ക്ലാസുകാർക്ക് പ്രവേശനം നേടാവുന്നതാണ്. ഒരു വർഷം നാല് കോഴ്സുകൾ ആണ് നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് dslr.kerala.gov.in സന്ദർശിക്കുക.
  • ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും പത്താം ക്ലാസ് പാർക്ക് പ്രവേശനം ലഭിക്കും. പ്രവേശനത്തിനും മറ്റു വിവരങ്ങൾക്കും ignou.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഗവൺമെൻറ് കമഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തപ്പെടുന്ന രണ്ടുവർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് സെക്രട്ടറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനത്തിന് www.polyadmission.org സന്ദർശിക്കുക.
  • വിവിധ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്ന പ്ലസ് ടു വിനു തുല്യമായ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിൽ പത്താം ക്ലാസുകാർക്ക് പ്രവേശനം നേടാവുന്നതാണ്. പ്രവേശനത്തിന് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റി വെബ്സൈറ്റുകൾ സന്ദർശിക്കുക.
  • കണ്ണൂരിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി നടത്തുന്ന ഹാൻഡ്‌ലൂം ഡിപ്ലോമ കോഴ്‌സ് വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ എന്നിവയിൽ പ്രവശനത്തിന് www.iihtkannur.ac.in എന്ന വെബ്സൈറ്റ് സന്ദർശിയ്ക്കുക.
  • മൂന്നാർ കാറ്ററിംഗ് കോളേജിന്റെ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിൽ പ്രവേശനം ലഭിക്കാൻ www.polyadmission.org എന്ന വെബ്സൈറ്റിലും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ പ്രവേശനം ലഭിക്കാൻ statelibrary.kerala.gov.in എന്ന വെബ്സൈറ്റിലും പത്താം ക്ലാസ് പാസ്സായവർക്കു അപേക്ഷിക്കാം.

കരിയർ വിദഗ്ദ്ധൻ

Latest