Articles
വിദ്വേഷ രാഷ്ട്രീയം അവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു
പശ്ചിമ ബംഗാളിലെ ഏതാണ്ട് പത്ത് കോടി ജനങ്ങളുടെ മാതൃഭാഷ ബംഗാളിയാണ്. ഇതിനുപുറമെ, അസം, ത്രിപുര, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് ആളുകളുടെ മാതൃഭാഷ ബംഗാളിയാണ്. ബി ജെ പി അവരുടെ ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ബംഗാളി സംസാരിക്കുന്നവരെയെല്ലാം ബംഗ്ലാദേശികളായും നുഴഞ്ഞുകയറ്റക്കാരായും മുദ്രകുത്തുകയാണ്.

അസമിലെ ബാര്‍പേട്ടയിലെ വീട്ടുവരാന്തയില്‍ ഇരിക്കുകയായിരുന്ന 58കാരിയായ ഷോണ ബാനുവിനെയും സമീപത്തുള്ള 13 പേരെയും പോലീസ് ബലമായി പിടിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. എന്തിനാണ് തങ്ങളെ പോലീസ് പിടികൂടിയിരിക്കുന്നതെന്ന് അവര്‍ക്കറിഞ്ഞുകൂടായിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയായ ബ്രഹ്മപുത്ര നദിക്കരയില്‍ വാഹനം നിര്‍ത്തി പോലീസ് അവരോട് പുഴയില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. മടിച്ചു നില്‍ക്കുന്നവര്‍ക്ക് നേരെ പോലീസ് തോക്ക് ചൂണ്ടി. അതേക്കുറിച്ച് ഷോണ ബാനു പറയുന്നു, “മുട്ടോളം വെള്ളത്തില്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ രണ്ട് ദിവസം രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് കാത്തിരുന്നു. രണ്ടാം ദിവസം ബംഗ്ലാദേശ് പോലീസ് പിടികൂടി ഞങ്ങളെ ജയിലിലടച്ചു. രണ്ടാം ദിവസം ഇന്ത്യക്കാരായ ഞങ്ങളെ അവര്‍ അതിര്‍ത്തി കടത്തിവിട്ടു.’ ഷോണാ ബാനുവും അവരുടെ മാതാപിതാക്കളും ജനിച്ചതും വളര്‍ന്നതും അസമിലാണ്. പക്ഷേ അവരുടെ മാതൃ ഭാഷ ബംഗാളിയായിരുന്നു. അതുകൊണ്ട് തന്നെ അസം പോലീസ് അവരെ ബംഗ്ലാദേശികള്‍ എന്ന് മുദ്രകുത്തി അതിര്‍ത്തി കടത്തിവിടുകയായിരുന്നു. ഇത് ഷോണാ ബാനുവിന്റെയോ ബംഗാളി സംസാരിക്കുന്ന അസമിലെ ബംഗാളി വംശജരുടെയോ മാത്രം പ്രശ്നമല്ല.
പശ്ചിമ ബംഗാള്‍ മുര്‍ശിദാബാദിലെ ഹരിഹര്‍പാറ തര്‍ത്തിപൂരിലെ നിസാമുദ്ദീന്‍ മണ്ഡല്‍ കെട്ടിട നിര്‍മാണ കരാറുകാരനാണ്. നിസാമുദ്ദീന്‍ നാല് വര്‍ഷമായി മുംബൈയിലാണ്. അവിടുത്തെ ലേബര്‍ കരാറുകാര്‍ക്കിടയില്‍ നിസാമുദ്ദീന്‍ സുപരിചിതനാണ്. ഒരു ദിവസം ജോലി ചെയ്തുകൊണ്ടിരിക്കെ മഹാരാഷ്ട്ര പോലീസ് നിസാമുദ്ദീനെ പിടികൂടി. അനധികൃതമായി ഇന്ത്യയില്‍ കുടിയേറിയ ബംഗ്ലാദേശി എന്നാരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചു.
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ജയന്ത് ഘോഷ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ തന്റെ അനുഭവം “സാംബാദ് പ്രതിദിന്‍’ എന്ന ബംഗാളി പത്രത്തില്‍ എഴുതുകയുണ്ടായി. “ഏറെ നാളുകള്‍ക്കു ശേഷം താനൊരു ദിവസം പഴയകാല സുഹൃത്ത് കൂടിയായ മറ്റൊരു പത്രത്തിലെ പത്രാധിപരെ ഡല്‍ഹിയിലെ ഓഫീസില്‍ ചെന്ന് കണ്ടു. സംസാരമധ്യേ അദ്ദേഹത്തിന്റെ ചോദ്യം ബംഗാളി ഭാഷയെ കുറിച്ചായിരുന്നു. ബംഗാളി വിദേശ ഭാഷയാണെന്നും ബംഗാളി ഭാഷയെ പ്രോത്സാഹിപ്പിക്കരുത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.’ അദ്ദേഹം ഇതു പറഞ്ഞത് തമാശയുടെ രൂപത്തിലാണെങ്കിലും ബംഗാളികള്‍ക്കും ബംഗാളി ഭാഷക്കുമെതിരെ രാജ്യത്ത് വളര്‍ന്നുവരുന്ന വെറുപ്പിനെ സൂചിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്ന് ജയന്ത് ഘോഷ് എഴുതുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളടക്കമുള്ളവര്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭീഷണി നേരിടുകയാണ്. ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് മുസ്‌ലിംകളാണ്. അസം മുസ്‌ലിംകളുടെ അവസ്ഥ ഭയാനകമാണ്.
ബംഗാളി സംസാരിക്കുന്നവരെ ബംഗ്ലാദേശി കുടിയേറ്റക്കാരായി കാണുന്ന സമീപനത്തെ സുപ്രീം കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഒരാളെ വിദേശിയായി കണക്കാക്കുന്നതിന് ഭാഷ മാത്രം അടിസ്ഥാനമാക്കരുതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യ ബാഗ് പി, വിപുല്‍ എം പഞ്ചൗലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ബംഗാളി സംസാരിക്കുന്ന തൊഴിലാളികളെ വിദേശികളെന്ന് ആരോപിച്ച് ജയിലിലടക്കുകയും നാടുകടത്തുകയും ചെയ്യുന്ന വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ നടപടിക്കെതിരെയുള്ള ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.
ബി ജെ പി അസമില്‍ ആദ്യമായി അധികാരത്തില്‍ വന്ന 2016 മുതല്‍ ബംഗാളി സംസാരിക്കുന്നവരെ ശത്രുക്കളായി കാണുകയാണ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ മൂന്നിലൊന്ന് മുസ്‌ലിംകളാണ്. ബംഗ്ലാദേശുകാരെന്ന് ആരോപിച്ച് ആയിരക്കണക്കിന് മുസ്‌ലിം ഭവനങ്ങള്‍ അസം സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുണ്ടായി. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ അസമില്‍ ഇത്തരത്തിലുള്ള 3,400ഓളം വീടുകള്‍ ഇതേ രീതിയില്‍ തകര്‍ക്കുകയുണ്ടായി. വീടുകള്‍ പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സര്‍ക്കാറിന് അനുകൂലമായ ഗുവാഹത്തി ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി. അസമില്‍ നിന്ന് മുസ്‌ലിംകളെ നാടുകടത്തുന്നതിനെതിരെയും സുപ്രീം കോടതിയില്‍ നിന്ന് അടുത്തിടെ ഒന്നിലധികം വിധികളുണ്ടായിട്ടുണ്ട്.
ഏതാനും ആഴ്ചകള്‍ക്കിടയില്‍ ഇന്ത്യ നൂറുകണക്കിന് ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപോര്‍ട്ട് ചെയ്തു. നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്ന് ആരോപിച്ചാണ് നടപടി. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയാണ് നാടുകടത്തുന്നത്. അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 79ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, നുഴഞ്ഞുകയറ്റം കാരണം രാജ്യത്തെ ജനസംഖ്യാ ശാസ്ത്രം മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞത്, ഇന്ത്യയിലേക്ക് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം നടക്കുന്നുവെന്ന സംഘ്പരിവാര്‍ വാദം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. മോദിയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതും ആവര്‍ത്തിക്കുകയുണ്ടായി.
ബി ജെ പി ഭരിക്കുന്ന ഒഡിഷ, ഡല്‍ഹി, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഹരിയാന, അസം, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബംഗാളി തൊഴിലാളികള്‍ ആശങ്കയിലാണ്. സംഘ്പരിവാര്‍ പ്രചാരണത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ ജോലി തേടിയ ബംഗാളികള്‍ക്ക് വീടുകള്‍ വാടകക്ക് നല്‍കാന്‍ ഉടമസ്ഥര്‍ മടിക്കുകയാണ്. പശ്ചിമ ബംഗാളിലെ മുസ്‌ലിംകള്‍ ബംഗ്ലാദേശികളാണെന്ന പ്രചാരണത്തിന് ശക്തി കൂട്ടിവരികയാണ്. ബിഹാറിലേതു പോലെ വിവാദമായ വോട്ടര്‍ പട്ടിക പശ്ചിമ ബംഗാളിലും നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യമാണ്.
പശ്ചിമ ബംഗാളിലെ ഏതാണ്ട് പത്ത് കോടി ജനങ്ങളുടെ മാതൃഭാഷ ബംഗാളിയാണ്. ഇതിനുപുറമെ, അസം, ത്രിപുര, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് ആളുകളുടെ മാതൃഭാഷ ബംഗാളിയാണ്. ബി ജെ പി അവരുടെ ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ബംഗാളി സംസാരിക്കുന്നവരെയെല്ലാം ബംഗ്ലാദേശികളായും നുഴഞ്ഞുകയറ്റക്കാരായും മുദ്രകുത്തുകയാണ്.
ബംഗാളികള്‍ക്കെതിരെയുള്ള ബി ജെ പി പ്രചാരണം സംസ്ഥാന മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മമതാ ബാനര്‍ജി തന്റെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവരികയാണ്. ജനപ്രീതി സംസ്ഥാനത്ത് കുറഞ്ഞുവരുന്ന മമതക്ക് സുവര്‍ണാവസരം കൈവന്നിരിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പിയെ പരാജയപ്പെടുത്താന്‍ ബംഗാളി വികാരം മമതക്ക് ഉപയോഗപ്പെട്ടേക്കാം. ബി ജെ പിയുടെ ബംഗാളി വിരോധത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രചാരണം നടത്തിവരികയാണ്. കൂടാതെ, ബി ജെ പി ഭരണ സംസ്ഥാനങ്ങളില്‍ ഭീഷണി നേരിടുന്ന ബംഗാളികളെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ക്ക് മമതാ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. “ശ്രമശ്രീ’ എന്ന് പേരിട്ട പദ്ധതിയിലൂടെ അവരെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. 22 ലക്ഷത്തോളം ബംഗാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. തിരിച്ചുവരുന്നവര്‍ക്ക് ജോലിയും ജോലി ലഭിക്കുന്നതുവരെ പ്രതിമാസം 5,000 രൂപയും ആരോഗ്യ പരിരക്ഷയും മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ശ്രമശ്രീ പദ്ധതിയിലൂടെ മമതാ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.