Connect with us

From the print

വിദ്വേഷം തന്നെ ആയുധം

വിവിധ പാർട്ടികളെ ചാരി മുസ്‌ലിംകളെ ഒറ്റതിരിക്കുന്ന വിദ്വേഷ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published

|

Last Updated

“ഇൻഡി’യുടെ ലക്ഷ്യം മുസ്‌ലിംകൾക്ക് പൂർണ സംവരണമെന്ന് മോദി
ധാർ/ പാറ്റ്‌ന | വിവിധ പാർട്ടികളെ ചാരി മുസ്‌ലിംകളെ ഒറ്റതിരിക്കുന്ന വിദ്വേഷ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ്സിനെ ലക്ഷ്യമിടുന്നുവെന്ന് തോന്നിപ്പിച്ചാണ് മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയതെങ്കിൽ ഇത്തവണയത് ഇന്ത്യ മുന്നണിയിലെ മറ്റൊരു പ്രബല കക്ഷിയായ ആർ ജെ ഡിക്കെതിരെയാണ്. ഇന്ത്യ മുന്നണിയിലെ കക്ഷി മുസ്‌ലിംകൾക്ക് സമ്പൂർണ സംവരണം ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യുന്നുവെന്നും പട്ടിക ജാതി, പട്ടിക വർഗ, ഒ ബി സി വിഭാഗങ്ങളുടെ അവകാശം അപഹരിക്കുമെന്നും മധ്യപ്രദേശിലെ ധാറിൽ മോദി പറഞ്ഞു.

“കോൺഗ്രസ്സ് നിശബ്ദമാണ്. എന്നാൽ, ഒരു കക്ഷി “ഇൻഡി’ സഖ്യത്തിന്റെ ഉദ്ദേശ്യം ഇന്ന് സ്ഥിരീകരിച്ചു. കാലിത്തീറ്റ അഴിമതിയിൽ ജയിലിലായ നേതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോക്കണേ, അയാളുടെ ഉളുപ്പില്ലായ്മ. നിലവിൽ അയാൾ അനാരോഗ്യ കാരണത്താൽ ജാമ്യത്തിലാണ്.

നിങ്ങളുടെ ഗ്രാമത്തിലൊക്കെ ആരെങ്കിലും ജയിലിൽ പോയിട്ടുണ്ടെങ്കിൽ അയാളിൽ നിന്ന് അകലുകയല്ലേ ജനങ്ങൾ ചെയ്യുക. നോക്കൂ, കോൺഗ്രസ്സ് വളരെ തരംതാഴ്ന്ന്, അത്തരം ആളുകൾക്കൊപ്പം നൃത്തം ചെയ്യുകയാണ്’- ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിനെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.

“മുസ്‌ലിംകൾക്ക് സംവരണം ലഭിക്കണമെന്ന് അയാൾ പറയുന്നു. വെറും സംവരണമല്ല. മുസ്‌ലിംകൾക്ക് പൂർണ സംവരണം ലഭിക്കണമെന്ന്. എന്താണിത് അർഥമാക്കുന്നത്? എസ് സി, എസ് ടി, ഒ ബി സി സമുദായങ്ങളുടെ സംവരണം പിടിച്ചെടുക്കുമെന്നും അത് മുസ്‌ലിംകൾക്ക് നൽകുമെന്നുമാണ് ഇത് അർഥമാക്കുന്നത്’- മോദി ആരോപിച്ചു.

അതേസമയം, ഇതിന് ചുട്ടമറുപടിയുമായി ലാലുപ്രസാദ് രംഗത്തെത്തി. “സംവരണം മതത്തിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച് സാമൂഹിക പിന്നാക്കാവസ്ഥ ആധാരമാക്കിയാണ്. പ്രധാനമന്ത്രിക്ക് ഇത് മനസ്സിലാകില്ല. മണ്ഡൽ കമ്മീഷൻ ശിപാർശകൾ നടപ്പാക്കിയവരാണ് ഞങ്ങൾ. എപ്പോഴെങ്കിലും മോദി അത് വായിച്ചിട്ടുണ്ടോ? എന്നേക്കാൾ വലിയ ഒ ബി സിയാണോ ബി ജെ പി? ദരിദ്രരെയും പിന്നാക്കക്കാരെയും ദളിതരെയും എന്നേക്കാൾ നന്നായി അവർക്ക് മനസ്സിലാകില്ല. അവരെ പരസ്പരം പോരടിപ്പിക്കുകയാണ് ബി ജെ പി. സംവരണവും ഭരണഘടനയും ഇല്ലാതാക്കാൻ ആർ എസ് എസും ബി ജെ പിയും ദീർഘകാലമായി ഗൂഢാലോചന നടത്തുകയാണ്’- ലാലു പറഞ്ഞു

Latest