Kerala
ഹര്‍ത്താല്‍ അക്രമം: സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് വി ഡി സതീശന്‍
ഹര്‍ത്താല്‍ നേരിടാന്‍ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ല. പോലീസിന്റെ അസാന്നിധ്യം ആശ്ചര്യപ്പെടുത്തി. മുഖ്യമന്ത്രി ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞില്ല.

തിരുവനന്തപുരം | പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹര്‍ത്താല്‍ നേരിടാന്‍ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമ സംഭവങ്ങള്‍ നേരിടാന്‍ കഴിയാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. പോലീസിന്റെ അസാന്നിധ്യം ആശ്ചര്യപ്പെടുത്തി.
മുഖ്യമന്ത്രി ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞില്ല. അക്രമത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിയുടെത് ഇരട്ടത്താപ്പാണ്. ആര്‍ എസ് എസിനെയും ബി ജെ പിയെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഒരു വര്‍ഗീയതയെയും എതിര്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. ബി ജെ പിയുമായി ഒത്തുകളിക്കുകയാണ് ചെയ്യുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ അഞ്ച് ആര്‍ എസ് എസ് പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആര്‍ എസ് എസും പോപ്പുലര്‍ ഫ്രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും എതിര്‍ക്കപ്പെടണമെന്നും സതീശന്‍ പ്രതികരിച്ചു.