International
ഗസ്സ സമാധാന പദ്ധതി അംഗീകരിക്കാൻ ഹമാസിന് നാല് ദിവസം സമയം നൽകി; അംഗീകരിച്ചില്ലെങ്കിൽ ദുരന്തം: ട്രംപ്
എല്ലാ അറബ് രാജ്യങ്ങളും ഒപ്പുവെച്ചു. ഇസ്റാഈലും ഒപ്പുവെച്ചു. ഇനി ഹമാസിനെ മാത്രമാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഹമാസ് ഇത് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. ചെയ്തില്ലെങ്കിൽ അത് വളരെ സങ്കടകരമായ ഒരവസാനമായിരിക്കുംമെന്ന് ട്രംപ്

വാഷിംഗ്ടൺ ഡി സി | അമേരിക്കയുടെ 20-ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്നോ നാലോ ദിവസത്തെ സമയമാണ് നൽകിയിരിക്കുന്നതെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്ന്-നാല് ദിവസത്തെ സമയം നൽകും. ഈ വിഷയത്തിൽ ഉൾപ്പെട്ട മറ്റു കക്ഷികളെല്ലാം ഇതിനോടകം ഒപ്പുവെച്ചിട്ടുണ്ട്. എല്ലാ അറബ് രാജ്യങ്ങളും ഒപ്പുവെച്ചു. ഇസ്റാഈലും ഒപ്പുവെച്ചു. ഇനി ഹമാസിനെ മാത്രമാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഹമാസ് ഇത് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. ചെയ്തില്ലെങ്കിൽ അത് വളരെ സങ്കടകരമായ ഒരവസാനമായിരിക്കുംമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
20-ഇന സമാധാന പദ്ധതി പുറത്തിറക്കി ഒരു ദിവസത്തിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം. വെടിനിർത്തൽ, 72 മണിക്കൂറിനുള്ളിൽ ബന്ദികളെ ഹമാസ് വിട്ടയക്കൽ, ഹമാസിന്റെ നിരായുധീകരണം, ഗസ്സയിൽ നിന്ന് ഇസ്റാഈൽ ഘട്ടംഘട്ടമായി പിന്മാറുക എന്നിവയെല്ലാം ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, യുദ്ധാനന്തര ഗസ്സയുടെ താൽക്കാലിക ഭരണത്തിന് ട്രംപ് തന്നെ നേതൃത്വം നൽകുമെന്നും പദ്ധതിയിൽ പറയുന്നു.
വൈറ്റ് ഹൗസിലെത്തിയ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഡൊണാൾഡ് ട്രംപ് ഇന്നലെ സമാധാന പദ്ധതി പ്രഖ്യാപിച്ചത്. ട്രംപുമായി സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിക്ക് പിന്തുണ അറിയിക്കുകയും ഹമാസിന് ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
അതേസമയം, ഹമാസ് വിഷയത്തിൽ കൂടിയാലോചനകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഫലസ്തീന് അകത്തും പുറത്തുമുള്ള അവരുടെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങൾ കൂടിയാലോചനകൾ നടത്തുകയാണ്. ഇതിലെ സങ്കീർണ്ണതകൾ കാരണം ചർച്ചകൾക്ക് നിരവധി ദിവസങ്ങൾ എടുത്തേക്കാം എന്ന് ഫലസ്തീൻ വൃത്തങ്ങൾ എ എഫ് പി. യോട് പറഞ്ഞു.
2023 ഒക്ടോബർ 7-ന് തുടങ്ങിയ ഹമാസ് – ഇസ്റാഈൽ സംഘർഷത്തിൽ, ഇസ്റാഈലിൽ 1,219 പേർ കൊല്ലപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ ഗസ്സയുടെ ഭൂരിഭാഗവും തകർന്നു. 66,055 ഫലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തു. ഗസ്സയിൽ ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്.