Connect with us

siraj editorial

ഹലാല്‍ വിവാദം പിന്നെയും

ഹിന്ദുത്വര്‍ ഹലാല്‍ വിവാദം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഹലാല്‍ ബോര്‍ഡ് വെച്ച കടകളും ഭക്ഷ്യവസ്തുക്കളും ബഹിഷ്‌കരിക്കണമെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. സംസ്ഥാനത്ത് വര്‍ഗീയ വിഭജനം ശക്തിപ്പെടുത്തുകയും മുസ്‌ലിംകളെ സാമ്പത്തികമായി തകര്‍ക്കുകയുമാണ് ലക്ഷ്യം

Published

|

Last Updated

കേരളത്തില്‍ വീണ്ടും ഹലാല്‍ വിവാദം കൊഴുക്കുകയാണ്. നേരത്തേ തെക്കന്‍ കേരളത്തിലെ ചില ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിനെ തുടര്‍ന്ന് ഉടലെടുക്കുകയും താമസിയാതെ കെട്ടടങ്ങുകയും ചെയ്ത ഹലാല്‍ വിവാദം ഇപ്പോള്‍ ശബരിമലയിലെ അരവണ പായസവുമായി ബന്ധപ്പെട്ടാണ് വീണ്ടും ഉയര്‍ന്നത്. ശബരിമലയില്‍ ഹലാല്‍ അരവണ പായസം വിതരണം ചെയ്യുന്നു. അരവണക്കും ഉണ്ണിയപ്പത്തിനുമടക്കമുള്ള ശര്‍ക്കര ഹലാല്‍ രീതിയില്‍ നിര്‍മിക്കുന്നതിന് കരാര്‍ കൊടുത്തു തുടങ്ങിയവയാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണങ്ങള്‍. വിഷയം കോടതി കയറുകയും ചെയ്തിട്ടുണ്ട്. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹലാല്‍ ഭക്ഷണങ്ങള്‍ ഇസ്‌ലാമിക മതാചാര പ്രകാരം തയ്യാറാക്കുന്നതാണ്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ശബരിമല അയ്യപ്പന് സമര്‍പ്പിക്കുന്നത് ദൈവനിന്ദയാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.
ഹരജിയില്‍ ഹൈക്കോടതി ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് വിശദീകരണം തേടുകയും ചെയ്തു. കേരളത്തില്‍ ഹലാല്‍ സംസ്‌കാരം വളര്‍ത്താനുള്ള മുസ്‌ലിം തീവ്രവാദികളുടെ അജന്‍ഡയാണ് ഇതിനു പിന്നിലെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി സുധീര്‍ ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കള്‍ രംഗത്തു വരികയും ചെയ്തു. “ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകള്‍ നിരോധിക്കണം. മുത്വലാഖ് പോലെ നിരോധിക്കപ്പെടേണ്ട മതത്തിന്റെ പേരിലുള്ള ദുരാചാരമാണ് ഹലാല്‍ ബോര്‍ഡുകളെ’ന്നാണ് സുധീറിന്റെ പക്ഷം. മുസ്‌ലിം തീവ്രവാദികള്‍ ഹൈന്ദവ ആരാധനാലയങ്ങളിലും കടന്നു കയറി തുടങ്ങിയെന്നും അവര്‍ പ്രചരിപ്പിക്കുന്നു.

ശബരിമലയില്‍ പായസ നിര്‍മാണത്തിനായി ശബരിമല ദേവസ്വം ബോര്‍ഡ് 2019ല്‍ വാങ്ങി സ്റ്റോക്ക് ചെയ്യുകയും ആവശ്യം കഴിഞ്ഞ് പുനര്‍ലേലത്തിനു വെക്കുകയും ചെയ്ത ചില ശര്‍ക്കര പാക്കറ്റുകളില്‍ ഹലാല്‍ മുദ്രണം കണ്ടതാണ് പുതിയ വിവാദത്തിനു വഴിവെച്ചത്. എന്നാല്‍ പ്രസ്തുത ശര്‍ക്കര പാക്കറ്റുകള്‍ വിതരണം ചെയ്തത് മുസ്‌ലിം വ്യാപാരികളല്ല, മഹാരാഷ്ട്രയിലെ പുണെ ആസ്ഥാനമായ ഹിന്ദുത്വരുടെ ഒരു കമ്പനിയുടേതാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വരികയുണ്ടായി. ധൈര്യശീല്‍ ധ്യാന്‍ദേവ് കദം എന്ന മഹാരാഷ്ട്രയിലെ ശിവസേനാ നേതാവാണ് കമ്പനി ചെയര്‍മാന്‍. 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കരാട് നോര്‍ത്ത് മണ്ഡലത്തിലെ ശിവസേനാ സ്ഥാനാര്‍ഥിയുമായിരുന്നു ഇയാള്‍. വിക്രംശീല്‍ ധ്യാന്‍ദേവ് കദം, ഗീതാഞ്ജലി ധ്യാന്‍ദേവ് കദം, സുനിതാ ധ്യാന്‍ദേവ് കദം, തേജസ്വിനി ധ്യാന്‍ദേവ് കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടര്‍മാര്‍. ഇതോടെ സംസ്ഥാനത്ത് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതവും ശുദ്ധ അസംബന്ധവുമാണെന്ന് വ്യക്തമായിരിക്കുകയാണ്. ശര്‍ക്കര മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വേണ്ടിയാണ് കമ്പനി ഹലാല്‍ മുദ്ര പാക്കറ്റില്‍ പതിപ്പിച്ചതെന്ന ദേവസ്വം ബോര്‍ഡ് വൃത്തങ്ങളുടെ വിശദീകരണവും കഴിഞ്ഞ ദിവസം വന്നു. മുസ്‌ലിം മതവിശ്വാസികള്‍ ബഹുഭൂരിപക്ഷമായ ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഉപഭോക്താക്കളെയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമാക്കുന്നത്.
ഭക്ഷണത്തിലുള്‍പ്പെടെ ജീവിതത്തിലുടനീളം വിശുദ്ധിയും നന്മയും കാത്തുസൂക്ഷിക്കണമെന്നതാണ് ഇസ്‌ലാമിക തത്വം. അനുവദനീയമായ (ഹലാല്‍) ആഹാരങ്ങളേ ഭക്ഷിക്കാവൂ എന്നതും ഇതിന്റെ ഭാഗമാണ്. ഇത് മനസ്സിലാക്കിയ മത്സ്യ, മാംസ, ഭക്ഷ്യോത്പാദന കമ്പനികള്‍ അവരുടെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിപണി കൈയടക്കുന്നതിന്റെ ഭാഗമായുള്ള തന്ത്രമാണ് ഹലാല്‍ മുദ്ര.

ഇക്കാര്യം വ്യക്തമായിട്ടും ഹിന്ദുത്വര്‍ ഹലാല്‍ വിവാദം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഹലാല്‍ ബോര്‍ഡ് വെച്ച കടകളും ഭക്ഷ്യവസ്തുക്കളും ബഹിഷ്‌കരിക്കണമെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. സംസ്ഥാനത്ത് വര്‍ഗീയ വിഭജനം ശക്തിപ്പെടുത്തുകയും മുസ്‌ലിംകളെ സാമ്പത്തികമായി തകര്‍ക്കുകയുമാണ് ലക്ഷ്യം. സംസ്ഥാനത്ത് ബി ജെ പിക്ക് അല്‍പ്പമെങ്കിലും വേരോട്ടമുണ്ടാക്കാനായി നിരവധി തന്ത്രങ്ങളാണ് പാര്‍ട്ടി നേതൃത്വവും സംഘ്പരിവാര്‍ കേന്ദ്രങ്ങളും കഴിഞ്ഞ കാലങ്ങളില്‍ മെനഞ്ഞത്. ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും ശബരിമല വിവാദവും ലവ് ജിഹാദ് ആരോപണവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. മതസൗഹാര്‍ദത്തിനും സഹിഷ്ണുതക്കും ഇന്നും കാര്യമായ പോറലേറ്റിട്ടില്ലാത്ത കേളത്തില്‍ സംഘ്പരിവാര്‍ കുതന്ത്രങ്ങള്‍ വിലപ്പോയില്ലെന്ന് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാതിരഞ്ഞെടുപ്പും വ്യക്തമാക്കി. ഈ സാഹചര്യത്തിലായിരിക്കണം ഹലാല്‍ വിവാദം പരമാവധി കൊഴുപ്പിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഈ വിദ്വേഷ പ്രചാരണത്തില്‍ പക്ഷേ ബി ജെ പി വൃത്തങ്ങളില്‍ തന്നെയും ഭിന്നാഭിപ്രായമുണ്ട്. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാകില്ലെന്നാണ് ബി ജെ പി വക്താവായ സന്ദീപ് വാര്യര്‍ ഇതേക്കുറിച്ച് ആദ്യം പ്രതികരിച്ചത്. ഒരു കച്ചവട സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാകുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാണ്. അവരില്‍ റഹീം മാത്രമല്ല, രാമനും ജോസഫും ഒക്കെയുണ്ടാകാം. ഇത്തരം വിഷയത്തില്‍ വികാരമല്ല വിവേകമാകണം മുന്നോട്ടു നയിക്കേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വര്‍ഗീയ പ്രചാരകരെ അദ്ദേഹം ഉണര്‍ത്തി (പോസ്റ്റ് പിന്നീട് നീക്കം ചെയ്തിരുന്നു).

രാജ്യത്തിന്റെ സമ്പദ്ഘടനക്കും സാരമായി ആഘാതമേല്‍പ്പിക്കും ഹലാല്‍ വിവാദം. രാജ്യത്തെ ഭക്ഷ്യകയറ്റുമതിയെ ഇത് സാരമായി ബാധിക്കുമെന്നാണ് വ്യാപാരവൃത്തങ്ങളുടെ മുന്നറിയിപ്പ്. 2020ല്‍ ലോകത്ത് കയറ്റുമതി ചെയ്യപ്പെട്ട ബീഫില്‍ 13.14 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. മൂന്നാം സ്ഥാനമാണ് ബീഫ് കയറ്റുമതിയില്‍ ഇന്ത്യക്ക്. വിലക്കുറവിനൊപ്പം ഹലാല്‍ സര്‍ട്ടിഫിക്കറ്റു കൂടിയാണ് മുസ്‌ലിം രാജ്യങ്ങളില്‍ ഇന്ത്യന്‍ മാംസത്തിന്റെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ഡിമാന്‍ഡ് വര്‍ധനവിന് ഒരു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹലാല്‍ മുദ്രണത്തിനെതിരായ പ്രചാരണം ഈ വിപണിയെ ബാധിക്കും. ഈ വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് നാടിന്റെയും നാട്ടുകാരുടെയും നന്മക്കാവശ്യമാണ്.

---- facebook comment plugin here -----