Connect with us

From the print

ഹജ്ജ് ക്യാമ്പ്; സേവന നിര്‍വൃതിയില്‍ പോലീസ് സേന

ഹജ്ജ് ഹൗസിന്റെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിനൊപ്പം വിശുദ്ധഭൂമിയിലേക്ക് പുറപ്പെടുന്ന ഹാജിമാര്‍ക്ക് സേവനം നല്‍കുന്നതും ഭാഗ്യമായാണ് ഇവര്‍ കാണുന്നത്

Published

|

Last Updated

കൊണ്ടോട്ടി | കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിലെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിലൂടെ ആത്മസംതൃപ്തി നേടി പോലീസ് സേന. ഹജ്ജ് ഹൗസിന്റെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിനൊപ്പം വിശുദ്ധഭൂമിയിലേക്ക് പുറപ്പെടുന്ന ഹാജിമാര്‍ക്ക് സേവനം നല്‍കുന്നതും ഭാഗ്യമായാണ് ഇവര്‍ കാണുന്നത്. നാളെ ക്യാമ്പ് അവസാനിക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങളോ സുരക്ഷാ കാര്യങ്ങളിലോ ഒരു വീഴ്ചയുമില്ലാതെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങാന്‍ സാധിക്കുന്നതില്‍ ഏറെ സംതൃപ്തരാണിവര്‍.

ഓരോ വര്‍ഷവും ഹജ്ജ് ക്യാമ്പ് തുടങ്ങുന്ന ദിവസം മുതല്‍ അവസാനം വരെ ക്യാമ്പിന്റെ സുരക്ഷാ ചുമതല പോലീസിനാണ്. സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതോടൊപ്പം വയോധികരായ ഹാജിമാരെ വാഹനത്തില്‍ കയറ്റുന്നതിനും ഇറക്കുന്നതിനുമെല്ലാം പോലീസുകാരുടെ സഹായമുണ്ടാകും. ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ ലഭിക്കുന്ന അവസരം ഒരു നിയോഗമായാണ് ഇവര്‍ കാണുന്നത്.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി മേലുദ്യോഗസ്ഥര്‍ക്കൊപ്പം വനിതകളുള്‍പ്പെടെ 24 പോലീസുകാരാണ് ഹജ്ജ് ക്യാമ്പില്‍ ഓരോ ദിവസവും ജോലിക്കെത്തുന്നത്. വിമാനത്താവളത്തിലെയും ഹജ്ജ് ഹൗസ് പരിസരത്തെയും ഗതാഗത നിയന്ത്രണം, ഹജ്ജ് ക്യാമ്പിന്റെ സുരക്ഷ, നിരീക്ഷണം, സന്ദര്‍ശകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കല്‍ തുടങ്ങിയവയിലെല്ലാം സേനാംഗങ്ങള്‍ വ്യാപൃതരാണ്.
കൊണ്ടോട്ടി ഡിവൈ എസ് പി സന്തോഷിന്റെ മേല്‍നോട്ടത്തിലാണ് ക്യാമ്പിന്റെ ചുമതല. ദൈനംദിന ചുമതല ഏകോപിപ്പിക്കുന്നത് കരിപ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ബാസ് അലിയാണ്.