From the print
ഹജ്ജ് ക്യാമ്പ് 2025; സംഘാടകസമിതി രൂപവത്കരിച്ചു
ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ പത്ത് സബ് കമ്മിറ്റികളടങ്ങിയ വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്ന് യാത്ര തിരിക്കുന്ന തീര്‍ഥാടകരുടെ യാത്രാ സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിന് ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ പത്ത് സബ് കമ്മിറ്റികളടങ്ങിയ വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജനപ്രതിനിധികളൂം പൊതുപ്രവര്‍ത്തകരും വളണ്ടിയര്‍മാരും സംബന്ധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി അബ്ദുർറഹ്്മാന്‍, പി വി അബ്ദൂല്‍ വഹാബ് എം പി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി എന്നിവര്‍ മുഖ്യരക്ഷാധികാരികളായും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ചെയര്‍മാനായും അശ്കര്‍ കോറാട്, അഡ്വ. പി മൊയ്തീൻകുട്ടി, അക്ബര്‍ പി ടി എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്.
കരിപ്പൂരില്‍ നിന്ന് ആദ്യ വിമാനം ഈ മാസം പത്തിന് പുലര്‍ച്ചെ 1.10ന് പുറപ്പെടും. ആദ്യ വിമാനത്തിലെ ഹാജിമാര്‍ ഒമ്പതിന് രാവിലെ റിപോര്‍ട്ട് ചെയ്യും. മേയ് 22നാണ് കരിപ്പൂരില്‍ നിന്നുള്ള അവസാന വിമാനം. 31 വിമാനങ്ങളിലായി 5,361 തീര്‍ഥാടകരാണ് കരിപ്പൂര്‍ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്.
സംഘാടകസമിതി യോഗത്തില്‍ ടി വി ഇബ്്റാഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം നിർവഹിച്ചു. അഹ്്മദ് ദേവര്‍കോവില്‍ എം എല്‍ എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എം കെ റഫീഖ, മെമ്പര്‍ ശംസുദ്ദീന്‍ അരീഞ്ചിറ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി അംഗം ഉമര്‍ ഫൈസി മുക്കം പ്രാർഥന നടത്തി. അഡ്വ. പി മൊയ്തീന്‍കൂട്ടി പാനല്‍ അവതരിപ്പിച്ചു. അസ്സി. സെക്രട്ടറി ജഅ്ഫര്‍ കക്കൂത്ത് സ്വാഗതവും മെമ്പര്‍ അസ്‌കര്‍ കോറാട് നന്ദിയും പറഞ്ഞു.