International
ജിപിടി-4 പുറത്തിറക്കി ഓപ്പണ്‍ എ ഐ; മനുഷ്യ നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെക്കുന്നുവെന്ന് കമ്പനി
ഇപ്പോള്‍ ഉപയോഗിക്കുന്ന ലാംഗ്വേജ് മോഡലിലും കൂടുതല്‍ ശക്തമായ വേര്‍ഷനാണ് ജിപിടി-4. കൂടുതല്‍ സൂക്ഷ്മമായ നിര്‍ദേശങ്ങള്‍ കൈകാര്യം ചെയ്യാനും ജിപിടി-4ന് കഴിവുണ്ട്.

സാന്‍ ഫ്രാന്‍സിസ്‌കോ | ചാറ്റ് ജിപിടി ചാറ്റ് ബോട്ടിന്റെ സ്രഷ്ടാക്കളായ ഓപ്പണ്‍ എ ഐ പുതിയ നിര്‍മിതബുദ്ധി ഭാഷാമോഡല്‍ ജിപിടി-4 അവതരിപ്പിച്ചു. ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍ 4 ജിപിടി-3.5 ന്റെ പുതിയ അപ്ഡേറ്റാണ്. കൂടുതല്‍ സുരക്ഷിതവും കൃത്യതയും ഉണ്ടാവും പുതിയ പതിപ്പിനെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഓപ്പണ്‍ എ ഐ കമ്പനി വ്യക്തമാക്കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഇതിനകം തരംഗമായ ചാറ്റ് ജിപിടി സാങ്കേതികവിദ്യയുടെ ദീര്‍ഘകാലമായി കാത്തിരുന്ന അപ്ഡേറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. ജി പി ടി-4 ആഴത്തിലുള്ള പഠനം വര്‍ധിപ്പിക്കുന്നതിനുള്ള ഓപ്പണ്‍ എ ഐയുടെ ശ്രമത്തിലെ ഏറ്റവും പുതിയ നാഴികക്കല്ലാണ് പുതിയ അപ്‌ഡേഷനെന്ന് കമ്പനി ബ്ലോഗ് വ്യക്തമാക്കി. ചില പ്രൊഫഷണല്‍, അക്കാദമിക് ജോലികളില്‍ പുതിയ സാങ്കേതികവിദ്യ ‘മനുഷ്യതലത്തിലുള്ള പ്രകടനം’ കാണിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
ഇപ്പോള്‍ ഉപയോഗിക്കുന്ന ലാംഗ്വേജ് മോഡലിലും കൂടുതല്‍ ശക്തമായ വേര്‍ഷനാണ് ജിപിടി-4. കൂടുതല്‍ സൂക്ഷ്മമായ നിര്‍ദേശങ്ങള്‍ കൈകാര്യം ചെയ്യാനും ജിപിടി-4ന് കഴിവുണ്ട്. ഡീപ്പ് ലേണിങ് സാങ്കേതികവിദ്യയില്‍ ഇതുവരെ കൈവരിക്കാനായ ഏറ്റവും വലിയ നേട്ടമായാണ് ഓപ്പണ്‍ എ ഐ, ജിപിടി-4നെ വിശേഷിപ്പിക്കുന്നത്. ഇമേജുകളും ടെക്സ്റ്റും ഉപയോഗിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ടെക്സ്റ്റ് ഔട്ട്പുട്ടുകള്‍ നല്‍കാന്‍ കഴിയുന്ന മള്‍ട്ടിമോഡല്‍ ലാംഗ്വേജ് മോഡലാണ് ഇപ്പോഴത്തേത്.
പ്രൊഫഷണല്‍, അക്കാദമിക് മാനദണ്ഡങ്ങളില്‍ മനുഷ്യരുടെ നിലവാരത്തിലുള്ള വിവിധ പരീക്ഷകളില്‍ വിജയിക്കാനും ജിപിടി-4ന് കഴിഞ്ഞു. ജി പി ടി-4 വിജയിച്ച പരീക്ഷകളുടെ ഒരു ലിസ്റ്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ജിപിടി-4ന് നേടാന്‍ കഴിഞ്ഞ സ്‌കോറുകളും ഓപ്പണ്‍ എ ഐ ഷെയര്‍ ചെയ്തു.
‘ചാറ്റ് ജി പി ടിയില്‍ നിന്നും എതിരാളികളുടെ ടെസ്റ്റിംഗ് പ്രോഗ്രാമില്‍ നിന്നുമുള്ള പാഠങ്ങള്‍ പരിശോധിച്ച് ജിപിടി-4 കുറ്റമറ്റതാക്കാന്‍ ഞങ്ങള്‍ ആറു മാസം ചെലവഴിച്ചു. അതിന്റെ ഫലമായി വസ്തുതാപരം, സ്റ്റിയറബിലിറ്റി എന്നിവയില്‍ ഞങ്ങളുടെ എക്കാലത്തെയും മികച്ച ഫലങ്ങള്‍ ഉണ്ടാക്കാനായെന്ന് കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ചാറ്റ്ബോട്ടിന്റെ പുതിയ പതിപ്പ് ചിത്രങ്ങളില്‍ നിന്നും ടെക്സ്റ്റ് പ്രോംപ്റ്റുകളില്‍ നിന്നും ഉള്ളടക്കം സൃഷ്ടിക്കാന്‍ കഴിയുന്ന ‘മള്‍ട്ടിമോഡല്‍’ മോഡലാണ്.
ഇന്ന് പുലര്‍ച്ചെയാണ് ഓണ്‍ലൈന്‍ ഡെമോണ്‍സ്ട്രേഷനിലൂടെ ഓപ്പണ്‍ എ ഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാന്‍, ജിപിടി-4 വിശേഷങ്ങള്‍ പങ്കുവെച്ചത്. ഒരു വെബ്സൈറ്റ് സൃഷ്ടിക്കുന്നത് ഇതിലൂടെ അദ്ദേഹം കാണിച്ചു. ഈ പരിപാടി ഇതിനകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.