Kerala
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം: ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു; കൂടിക്കാഴ്ച നാളെ
ശമ്പള കുടിശ്ശിക അനുവദിക്കുക എന്നതാണ് ഡോക്ടർമാർ പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യം.
തിരുവനന്തപുരം | സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേമ്പറിലാണ് ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ച.
ശമ്പള കുടിശ്ശിക അനുവദിക്കുക എന്നതാണ് ഡോക്ടർമാർ പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യം. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയിൽ വിഷയമാകും. കെ ജി എം സി ടി എയുടെ (കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ) നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
ചർച്ചയിൽ തൃപ്തികരമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം 13-നും ഒ പി. ബഹിഷ്കരണത്തിന് ഡോക്ടർമാർ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ചർച്ചയ്ക്കായുള്ള ക്ഷണം.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ ഒന്ന് മുതലാണ് സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ സമരം ആരംഭിച്ചത്.

