Connect with us

Kannur

ഗോള്‍ഡന്‍ ഫിഫ്റ്റി: സോഷ്യല്‍ മീഡിയയിലും പുറത്തും കൈയടി നേടി സംഘാടനം

നവീകരണത്തിന്റെ ഉടന്‍ തന്നെ സമ്മേളനത്തിന് സ്റ്റേഡിയം വിട്ടുകൊടുത്തതിൽ രൂക്ഷ്മായി പ്രതികരിച്ചവർ തന്നെ പിന്നീട് പരസ്യ പ്രശംസയുമായി രംഗത്തെതി

Published

|

Last Updated

കണ്ണൂര്‍ | കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന കേരള വിദ്യാര്‍ഥി സമ്മേളനത്തിന്റെ സംഘാടനം പൊതുജനങ്ങളുടെയടക്കം കൈയടി നേടി. സമാപന സമ്മേളനം നടന്ന കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയം നവീകരണം നടന്നതിന്റെ ഉടന്‍ തന്നെ സമ്മേളന നടത്തിപ്പിന് വിട്ടുകൊടുത്തതിന് പിന്നാലെ കായിക പ്രേമികള്‍ പലരും രംഗത്തെത്തിയിരുന്നു. ചിലരൊക്കെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ്മായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, സമ്മേളന ശേഷം നഗരി സന്ദര്‍ശിച്ച ഇവർ അവിടെ നടന്ന ശുചീകരണ പ്രവര്‍ത്തനത്തെയും ഗ്രൗണ്ടില്‍ നട്ടുവളര്‍ത്തിയ പുല്ല് നശിക്കാതിരിക്കാന്‍ ഏര്‍പ്പാട് ചെയ്തതിനെയും പരസ്യമായി പ്രശംസിക്കുകയായിരുന്നു.
ഫുട്‌ബോള്‍ ലോകകപ്പില്‍ ജപ്പാനീസ് ടീം നടത്തിയ 5 എസ് രീതിയോടാണ് അസ്ലം മാട്ടൂല്‍ എന്ന പഴയ കാല കായിക താരം ഉപമിച്ചത്.

 

സമ്മേളന ശേഷം നഗരി ശുചീകരിക്കുന്നതിനിടെ സമീപത്തെത്തിയ അപരിചിതന്‍ നടത്തിപ്പിനെ നേരിട്ട് അഭിനന്ദിച്ച അനുഭവം നൗഷാദ് ഉളിയില്‍ എന്ന എസ് വൈ എസ് പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ട്രാഫിക് ക്രമീകരണങ്ങള്‍ കൃത്യമായി പാലിച്ചതുകൊണ്ട് ലക്ഷക്കണക്കിന് പ്രവര്‍ത്തകരെയുമായി ആയിരക്കണക്കിന് വാഹനങ്ങള്‍ കണ്ണൂര്‍ നഗരത്തിലെത്തിയിട്ടും സാധാരണ ഗതാഗതം മിക്കയിടത്തും നടന്നു. ഇതിനെ അഭിനന്ദിച്ചുകൊണ്ട് ശബീന ബിന്‍ത് ജമാല്‍ എഴുതിയ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കൂടാതെ, ആംബുലന്‍സ് എത്തിയപ്പോള്‍ ഒരു നിര്‍ദേശമോ നിയന്ത്രണമോ ഇല്ലാതെ വിദ്യാര്‍ഥി റാലിക്കെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വഴിയൊരുക്കുന്നതിന്റെ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ് എസ് എഫ് എന്ത് സാധിച്ചു എന്നതിന്‌റെ ഉത്തരമാണ് ഈ വീഡിയോ എന്ന അടിക്കുറിപ്പോടെയാണ് എസ് എസ് എഫ് കേരള ജനറല്‍ സെക്രട്ടറി സി ആര്‍ കെ മുഹമ്മദ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

മൂന്ന് ദിവസമായി നടന്ന പ്രതിനിധി സമ്മേളനത്തിന് എത്തിയ 2,000ത്തില്‍ പരം വരുന്ന പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും താമസ- ഭക്ഷണ സൗകര്യമൊരുക്കിയത് പരിസരത്തെ വിവിധ സ്ഥാപനങ്ങളിലായിരുന്നു. ശക്തമായ ചൂടിനിടെയും മികച്ച ആതിഥ്യമാണ് ഇവിടെ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.

എസ് എസ് എഫിന് പുറമെ കണ്ണൂര്‍ ജില്ലയിലെ എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകരുടെ ദിവസങ്ങള്‍ നീണ്ടതും ചിട്ടയൊപ്പിച്ചുമുള്ള പ്രവര്‍ത്തനങ്ങളാണ് സമ്മേളന നടത്തിപ്പ് വിജയകരമാക്കിയത്.