Connect with us

National

ഗോവ: ലൂത്ര സഹോദരന്മാരുടെ എല്ലാ ക്ലബ്ബുകളും പൊളിക്കാൻ നിർദ്ദേശം; 'ബ്ലൂ കോർണർ നോട്ടീസ്' പുറത്തിറക്കി

ലൂത്ര സഹോദരന്മാരുടെ പ്രധാന സ്ഥാപനമായ വാഗേറ്ററിലെ റോമിയോ ലെയ്‌ൻ ഉടനടി പൊളിച്ചുമാറ്റാനാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

Published

|

Last Updated

പനാജി | അർപോറയിലെ നൈറ്റ്ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ച സംഭവത്തിന് പിന്നാലെ വിവാദ ലൂത്ര സഹോദരന്മാരുടെ എല്ലാ അനധികൃത സ്ഥാപനങ്ങളും പൊളിച്ചുമാറ്റാൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. ലൂത്ര സഹോദരന്മാരുടെ പ്രധാന സ്ഥാപനമായ വാഗേറ്ററിലെ റോമിയോ ലെയ്‌ൻ ഉടനടി പൊളിച്ചുമാറ്റാനാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

സംഭവത്തിന് ശേഷം ഗോവ വിട്ട സൗരഭ് ലൂത്രയെയും ഗൗരവ് ലൂത്രയെയും കണ്ടെത്താൻ ഇന്റർപോളിന്റെ ‘ബ്ലൂ കോർണർ നോട്ടീസ്’ പുറപ്പെടുവിച്ചു. ഇവർ രാജ്യം വിട്ടതായാണ് സൂചന. ഡൽഹിയിലെ മുഖർജി നഗറിലെ ഇവരുടെ വസതിയിൽ ഗോവ പോലീസ് ലുക്കൗട്ട് നോട്ടീസ് പതിക്കുകയും പ്രാദേശിക പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.

വാഗേറ്റർ ബീച്ചിലേക്ക് നീണ്ടുകിടക്കുന്ന കുന്നിൻ മുകളിലെ ലൂത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്ലബ്ബ് സർക്കാർ ഭൂമിയിൽ നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്ന തെളിവുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ഈ കെട്ടിടത്തിന് അഗ്നിസുരക്ഷാ ക്ലിയറൻസുകളോ ഘടനാപരമായ അനുമതിയോ പാരിസ്ഥിതിക അംഗീകാരങ്ങളോ ഇല്ലായിരുന്നു. വേലിയേറ്റ രേഖയോട് ചേർന്ന് അപകടകരമായ രീതിയിലായിരുന്നു ഈ നിർമ്മാണം. അർപോറ തീപിടിത്തത്തിന് വളരെ മുമ്പ് തന്നെ ആക്ടിവിസ്റ്റുകളും പ്രദേശവാസികളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

വാഗേറ്ററിലെ സ്ഥാപനത്തിനെതിരെ പോലീസ്, ഗോവ കോസ്റ്റൽ സോൺ മാനേജ്‌മെൻ്റ് അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ഓഫീസ് ഉൾപ്പെടെ നിരവധി വകുപ്പുകളിൽ വർഷങ്ങളോളം പരാതികൾ നൽകിയിട്ടും അധികൃതർ കാര്യമായ നടപടികളൊന്നും എടുത്തിരുന്നില്ല. അപകടസാധ്യതകളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്ന പ്രാദേശിക ആക്ടിവിസ്റ്റ് രവി ഹർമാൽകറിന് ലൂത്ര സഹോദരന്മാരിൽ നിന്ന് ഭീഷണിയുണ്ടായിരുന്നു.

തുടർന്ന് ഹർമാൽകർ ബോംബെ ഹൈക്കോടതിയെ (ഗോവ ബെഞ്ച്) സമീപിച്ചു. കോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ടെങ്കിലും ഭാഗികമായി മാത്രം പൊളിച്ചുനീക്കിയതിനാൽ ക്ലബ്ബിന് താൽക്കാലിക രൂപത്തിൽ പ്രവർത്തനം തുടരാൻ സാധിച്ചു. കോടതിയലക്ഷ്യ ഹർജിയും ടൂറിസം വകുപ്പിൻ്റെ തുടർച്ചയായ പൊളിച്ചുനീക്കൽ നിർദ്ദേശങ്ങളും ഉണ്ടായിട്ടും നടപടി ‘ഉപരിപ്ലവം’ മാത്രമായിരുന്നു. തടി കൊണ്ടുള്ള പലകകളും ആണികളും ഉപയോഗിച്ച് ക്ലബ്ബ് വേഗത്തിൽ പുനർനിർമ്മിക്കുകയും ദിവസങ്ങൾക്ക് മുമ്പ് വരെ ഇവിടെ കച്ചവടം നടക്കുകയും ചെയ്തിരുന്നു.

അർപോറ ദുരന്തത്തിന് ശേഷമുള്ള കടുത്ത നടപടികൾക്കിടയിൽ, ലൂത്ര സഹോദരന്മാരെ ഇത്രയും വർഷം ആരാണ് സംരക്ഷിച്ചത് എന്ന ചോദ്യം വീണ്ടും ഉയർന്നിട്ടുണ്ട്. നിരവധി അനധികൃത കെട്ടിടങ്ങൾ സർക്കാർ ഭൂമിയിൽ ലൈസൻസില്ലാതെ നടത്താൻ ലൂത്ര സഹോദരന്മാർക്ക് സാധിച്ചത് ‘ആഴത്തിലുള്ള രാഷ്ട്രീയ പിന്തുണ’ കാരണമാണെന്നും മുതിർന്ന ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥർക്ക് മേൽ ഇവർക്ക് സ്വാധീനമുണ്ടായിരുന്നെന്നും ഹർമാൽകർ ആരോപിച്ചു.

20 ജീവനക്കാരെയും അഞ്ച് വിനോദസഞ്ചാരികളെയും കൊലപ്പെടുത്തിയ ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ എന്ന നൈറ്റ്ക്ലബ്ബിലെ തീപിടിത്തം ഒരു വഴിത്തിരിവായി. ഇതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുകയും സർക്കാർ ശക്തമായ ഇടപെടൽ നടത്താൻ നിർബന്ധിതരാവുകയുമായിരുന്നു. ഇരുവരെയും കണ്ടെത്താൻ ഗോവ പോലീസ് ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിലും പോലീസ് യൂണിറ്റുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

റോമിയോ ലെയ്‌നിൻ്റെ വെബ്സൈറ്റ് അനുസരിച്ച്, സൗരഭ് ലൂത്ര ‘ഗോൾഡ് മെഡലിസ്റ്റ് എഞ്ചിനീയർ കം റെസ്റ്റോറേറ്റർ’ ആണ്. ഫോബ്സ് ഇന്ത്യയിൽ ഫീച്ചർ ചെയ്തിട്ടുള്ള ഇദ്ദേഹം ഡൽഹി, ഗുരുഗ്രാം, ഗോവ എന്നിവിടങ്ങളിൽ തൻ്റെ നൈറ്റ് ലൈഫ് ശൃംഖല കെട്ടിപ്പടുത്തിട്ടുണ്ട്. നോയിഡയിലെ ഗൗർ സിറ്റിയിൽ പുതിയ ഔട്ട്ലെറ്റ് തുടങ്ങാൻ ഇവർ ഒരുങ്ങുകയായിരുന്നു. സൗരഭിന് ദുബായിലും സ്വത്തുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ ഇരു സഹോദരന്മാരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്.

---- facebook comment plugin here -----

Latest