Kerala
ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
25 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ ഉള്‍പ്പടെ 3,500 പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും

പത്തനംതിട്ട | ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയില്‍ നടക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംഗമം ഉദ്ഘാടനം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവനും ഇന്നലെ തന്നെ പമ്പയിലെത്തിയിരുന്നു. പമ്പാ മണപ്പുറത്തെ പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.
25 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ ഉള്‍പ്പടെ 3,500 പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും. തമിഴ്നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ചു രണ്ടു മന്ത്രിമാരും സംഗമത്തിന്റെ ഭാഗമാവും. ഉദ്ഘാടനത്തിനു ശേഷം മൂന്നു വേദികളിലായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. കോണ്‍ഗ്രസ്, ബി ജെ പി എതിര്‍പ്പിനിടെ നടക്കുന്ന അയ്യപ്പ സംഗമ വേദിയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. എട്ടു സുരക്ഷാ സോണുകളായി നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള മേഖലകളെ തിരിച്ചു പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഡി ഐ ജി അജിത ബീഗം അറിയിച്ചു.
അയ്യപ്പ സംഗമത്തിനെത്തുന്നവര്‍ സന്നിധാനത്തേക്ക് പ്രവേശിച്ചാലും മാസ പൂജയ്ക്കെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസ്സമുണ്ടാകില്ലെന്ന് ഐ ജി എസ് ശ്യാം സുന്ദര്‍ പറഞ്ഞു. വിപുലമായ സംവിധാനങ്ങളാണ് സംഗമത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പല സ്ഥലങ്ങളിലായി 2000ത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.