Kerala
ആഗോള അയ്യപ്പ സംഗമം; മുഖ്യമന്ത്രി പിണറായി വിജയന്‍ പമ്പയില്‍ എത്തി
തമിഴ്‌നാട് മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ സംബന്ധിക്കും

പമ്പ | നാളെ നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പമ്പയില്‍ എത്തി. രാത്രി എട്ടോടെ പമ്പയിലെത്തിയ മുഖ്യമന്ത്രി ഇന്ന് രാത്രി പമ്പയില്‍ തങ്ങും. വിവാദങ്ങള്‍ക്കിടയില്‍ അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണമായി.
സംഗമത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ അതിഥികള്‍ സംബന്ധിക്കും. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചടങ്ങിലെ ക്ഷണിതാക്കളാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുക. സംഗമം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പിയും സംഗമത്തിനെതിരായി രംഗത്തുണ്ട്. അയ്യപ്പ സംഗമത്തെ എതിര്‍ക്കുന്ന പ്രതിപക്ഷം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ശബരിമല അയ്യപ്പന്റെ നാലു കിലോ സ്വര്‍ണ്ണം അടിച്ച് മാറ്റിയതിന്റെ പാപം തീര്‍ക്കാനാണ് അയ്യപ്പ സംഗമമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഗമം സംഘടിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
പമ്പയില്‍ തയാറാക്കിയ പ്രത്യേക വേദിയിലാണ് അയ്യപ്പ സംഗമം നടക്കുക. ശബരിമലയുടെ വികസനത്തിന് ആഗോള തലത്തിലെ നിര്‍ദ്ദേശം സ്വീകരികുന്നതിനാണ് സംഗമം സംഘടിപ്പിക്കുന്നത്. കേരള മന്ത്രിമാര്‍ക്കൊപ്പം തമിഴ്‌നാട് മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ സംബന്ധിക്കും. കുടുംബത്തിലെ മരണം മൂലം പന്തളം കൊട്ടാരം പ്രതിനിധികള്‍ പരിപാടി യില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്‍ എസ് എസ്, കെ പി എം എസ് അടക്കം വിവിധ സമുദായ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.