Ongoing News
ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ആന്‍ഡ്രിയാസ് ബ്രഹ്മെ അന്തരിച്ചു
1990 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയുടെ വിജയഗോള്‍ നേടിയ താരമാണ്.

ബെര്‍ലിന്‍ | ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ആന്‍ഡ്രിയാസ് ബ്രഹ്മെ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
1990 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയുടെ വിജയഗോള്‍ നേടിയ താരമാണ്. ഇറ്റലിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഡീഗോ മറഡോണയുടെ അര്‍ജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ജര്‍മനി തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തം വെച്ചത്. കളിയുടെ അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ചാണ് ബ്രെഹ്മെ ജര്‍മനിക്ക് കിരീടം നേടിക്കൊടുത്തത്.
ബയേണ്‍ മ്യൂണിച്ച്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ക്ലബുകള്‍ക്കായും ബ്രെഹ്മെ ബൂട്ടണിഞ്ഞിരുന്നു. 86 മത്സരങ്ങളില്‍ ജര്‍മന്‍ ജഴ്‌സിയണിഞ്ഞ ബ്രെഹ്മെ 1990 ലോകകപ്പ് ഫൈനലിലെ പെനാള്‍ട്ടിയില്‍ നിന്നുള്ളതുള്‍പ്പെടെ എട്ട് ഗോളുകള്‍ നേടി. 1998ല്‍ അദ്ദേഹം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.