Connect with us

Kerala

തലമുറ മാറ്റം കരുത്തേറ്റും; പുതു മോടിയില്‍ സി പി എം

Published

|

Last Updated

കോഴിക്കോട് | സി പി എം 23 ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ സമാപനമാവുമ്പോള്‍ തലമുറ മാറ്റത്തിന്റെ നവോന്മേഷത്തോടെയാണ് കേരളത്തിലെ പാര്‍ട്ടി പ്രത്യക്ഷമാവുന്നത്. ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങളിലൂടെ അടിത്തട്ടുമുതല്‍ പാര്‍ട്ടി ശരീരം യുവത്വം കൈവരിച്ചിരുന്നു. അനുഭവ സമ്പത്തുള്ള പഴയ തലമുറയേയും ഊര്‍ജ്ജസ്വലമായ പുതിയ തലമുറയേയും ചേര്‍ത്തുകൊണ്ട്് പുതിയ നൂറ്റാണ്ടില്‍ പാര്‍ട്ടിയെ നയിക്കാനുള്ള കരുത്താണു പ്രാപ്യമാക്കുന്നത്.

75 വയസ്സെന്ന പ്രായ പരിധി നിര്‍ണായകമായ തീരുമാനമാണ്. ബംഗാളിലെ പാര്‍ട്ടിയുടെ പിന്നോട്ടടിയുടെ അനുഭവങ്ങള്‍കൂടി വിലയിരുത്തിയാണ് പാര്‍ട്ടി സംഘടനയിലെ ഈ നവീകരണം. പാര്‍ട്ടിയുടെ ഓരോ ഘടകങ്ങളില്‍ എത്തിപ്പെട്ടവര്‍ മരണം വരെ അവിടെ തുടരുന്ന രീതി സംഘടനാ ശരീരത്തെ ദുര്‍ബലമാക്കുന്നു. മുന്‍തലമുറ സഹിച്ച ത്യാഗത്തേയും നേതൃപാടവത്തേയും മാനിക്കാന്‍ അവരെ ഓരോ ഘടകങ്ങളില്‍ സ്ഥിരമായി നിലനിര്‍ത്തുന്ന രീതി പാര്‍ട്ടിയിലും പൊതു സമൂഹത്തിലും ഊര്‍ജ്ജസ്വലത സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന വിലയിരുത്തല്‍ പ്രധാനമാണ്.

23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായ ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കേരളത്തിലെ സി പി എം കൂടുതല്‍ ചെറുപ്പമായി. പല കാലങ്ങളില്‍ എസ് എഫ് ഐയേയും ഡി വൈ എഫ് ഐയേയും ശക്തമായി ചലിപ്പിച്ചവരും അതുവഴി കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ നിറഞ്ഞുനിന്നവരുമാണ് നേതൃസ്ഥാനത്തേക്കുയര്‍ന്നത്. അവര്‍ക്ക് ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാ കമ്മിറ്റികളില്‍ അര്‍ഹമായ പങ്കാളിത്തം ലഭിച്ചു. പ്രായം മാത്രമല്ല ഇങ്ങിനെ പരിഗണിക്കപ്പെട്ടത്. സത്യസന്ധമായ പൊതുപ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിച്ചവരെ പാര്‍ട്ടിയില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക എന്ന സംഘടനാപരമായ ദൗത്യമാണ് പാര്‍ട്ടി നിര്‍വഹിച്ചത്.

ജനാധിപത്യത്തോടും മതനിരപേക്ഷതയോടും പ്രത്യയശാസ്ത്രത്തോടുമുള്ള പ്രതിബദ്ധത പരിഗണനാ വിഷയമായി. സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും സമൂഹത്തിലുള്ള ഇടം പാര്‍ട്ടി സംഘടനയിലും പ്രതിഫലിക്കേണ്ട കാലമാണിതെന്നു പാര്‍ട്ടി തിരിച്ചറിയുന്നു. ഇത്തവണ ബ്രാഞ്ചു തലം മുതല്‍ തുടങ്ങിയ ഈ പരിവര്‍ത്തനം സംസ്ഥാന സമ്മേളനങ്ങളിലേക്ക് എത്തുമ്പോള്‍ ചരിത്രത്തില്‍ വേറിട്ട ഇടം നേടുന്നു.

വിദ്യാര്‍ഥി, യുവജന രംഗങ്ങളില്‍ ഉശിരന്‍ നേതൃത്വമായവര്‍ പിന്നീട് പാര്‍ട്ടിയില്‍ ഉയരാന്‍ കഴിയാതെ കൊഴിഞ്ഞുപോകുന്ന എത്രയോ അനുഭവങ്ങളെയാണ് പാര്‍ട്ടി ഇക്കാലത്ത് അഭിസംബോധന ചെയ്തത്. പാര്‍ട്ടിയിലും വര്‍ഗ ബഹുജന സഹസംഘടനകളിലും നേതാക്കളാകാനും തീരുമാനങ്ങളെടുക്കാനും ജനപ്രതിനിധികളാകാനും പുതിയ തലമുറയ്ക്ക് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ തന്നെ പാര്‍ലിമെന്ററി വ്യാമോഹം, അധികാര ദുര തുടങ്ങിയ ദൗര്‍ബല്യങ്ങള്‍ക്കെതിരായ ജാഗ്രതയും പ്രധാനമായിരിക്കും.

പുതിയ തലമുറയില്‍പ്പെട്ടവരും അനുഭവസമ്പത്തുള്ളവരും ഒരുമിച്ചിരിക്കുന്ന സംഘടനാ കമ്മിറ്റികള്‍ പുതിയ ചിന്തകളുടേയും ഇടപെടലിന്റെയും സജീവമായ മേഖല തുറക്കും. പ്രായമുള്ളവരെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ പ്രവര്‍ത്തന രംഗത്തുനിന്ന് അവരെ മാറ്റുകയല്ല. അവരുടെ അനുഭവസമ്പത്ത് പാര്‍ട്ടി തുടര്‍ന്നും ഉപയോഗിക്കും. അവര്‍ക്കു പുതിയ ചുമതലകള്‍ കൊടുക്കും. വര്‍ഗ ബഹുജന സംഘടനകളില്‍ അവര്‍ സജീവമായിരിക്കും. പലരും ക്ഷണിതാക്കളായി പാര്‍ട്ടി കമ്മിറ്റികളില്‍ സംഭാവനകള്‍ നല്‍കും.

ചെറുപ്പക്കാരേയും സ്ത്രീകളേയും പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യഥാര്‍ഥത്തില്‍ ഏതാണ്ട് 50 ശതമാനത്തോളം വരുന്ന വിഭാഗത്തിന് പാര്‍ട്ടി വേദികളില്‍ അര്‍ഹമായ പങ്കാളിത്തം ഇല്ലാതെ പോവുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലം പുതിയ തലമുറയുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പാര്‍ട്ടി വേദികളില്‍ ഉയരാതെ പോവുകയാണ്. ഈ പരിമിതിയെയാണ് സി പി എം ഇപ്പോള്‍ മറികടക്കുന്നത്. കൊവിഡ് മഹാമാരിയുടെ കാലം പുതിയ ചിന്തകള്‍ക്കും പ്രയോഗങ്ങള്‍ക്കും വഴി തുറന്നിട്ടുണ്ട്. കൊവിഡ് കാലത്ത് ചെറുപ്പക്കാരുടെ വലിയ ഒരു നിര സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി. ഇവര്‍ ഇടതുപക്ഷ രാഷ്ട്രീയവുമായി അടുത്തു. അരാഷ്ട്രീയരെന്നു വിലയിരുത്തി മാറ്റിനിര്‍ത്തിയിരുന്ന തലമുറ പ്രളയമടക്കമുള്ള പ്രതിസന്ധി ഘട്ടത്തില്‍ രാഷ്ട്രീയ വത്ക്കരിക്കപ്പെട്ടു എന്നത് വലിയ തിരിച്ചറിവാണു നല്‍കിയത്.

യുവരക്തം തുടിക്കുന്ന കാലത്ത് അര്‍ഹമായ വിധം പരിഗണിക്കപ്പെടാതെ പോകുന്നവര്‍ നിഷ്‌ക്രിയരായി നില്‍ക്കുമ്പോള്‍ ഇത്തരക്കാരെ പലപ്പോഴും വര്‍ഗീയ ശക്തികളും വലതുപക്ഷവും ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാജ്യത്ത് വേരറ്റുപോയതിനു പിന്നില്‍ പ്രധാന കുറ്റമായി ആരോപിക്കപ്പെടുന്നത് പുതിയ തലമുറയെ പരിഗണിച്ചില്ല എന്നതു തന്നെയാണ്.

വരുന്ന 25 വര്‍ഷത്തെ കാഴ്ചപ്പാടുവച്ചാണ് സി പി എം തലമുറമാറ്റം കൊണ്ടുവരുന്നത്. ചുറുചുറുക്കും ലക്ഷ്യബോധവും പ്രത്യയശാസ്ത്ര ദാര്‍ഢ്യവുമുള്ള പുതിയ തലമുറ കടന്നുവരുമ്പോള്‍ അതു സി പി എമ്മിന്റെ പാര്‍ട്ടി പരിപാടിയുടെ ആഹ്വാനത്തെ ബലപ്പെടുത്തുകയാണു ചെയ്യുന്നത്. പാര്‍ട്ടി പരിപാടിയുടെ ആമുഖത്തില്‍ത്തന്നെ സംഘടനയെ നവീകരിക്കേണ്ടതിന്റെ ആവശ്യകത പാര്‍ട്ടി എടുത്തു പറയുന്നുണ്ട്. യുവജനങ്ങളുടെ ഊര്‍ജത്തെ ചേര്‍ത്തു നിര്‍ത്തുകയും വിശ്വസിക്കുകയും കൃത്യമായി വിനിയോഗിക്കുകയും ചെയ്യുന്നതു തന്നെയാണ് പുരോഗമന രാഷ്ട്രീയത്തിന്റെ കരുത്ത്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്