Connect with us

International

ഗസ്സാ വംശഹത്യ: അന്താരാഷ്ട്ര നിയമങ്ങൾ ഇസ്‌റാഈൽ വെല്ലുവിളിക്കുന്നു

രണ്ടാം ദിവസവും വാദം കേട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി

Published

|

Last Updated

ഹേഗ് | ഗസ്സാ മുനമ്പിലേക്കുള്ള സഹായങ്ങൾ നിർത്തിവെച്ച് ഉപരോധത്താൽ ഗസ്സയെ വരിഞ്ഞുമുറുക്കുന്ന ഇസ്‌റാഈൽ നടപടിയിൽ രണ്ടാം ദിവസവും വാദം കേട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ). ഗസ്സയിൽ ഫലസ്തീനികൾ ക്രൂരതക്കും അതിക്രമത്തിനും വംശഹത്യക്കും വിധേയരാകുകയാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രതിനിധി സെയിൻ ഡാംഗോർ കോടതിയെ അറിയിച്ചു.
ഇസ്‌റാഈലിന്റെ ഗസ്സാ അധിനിവേശത്തിനെതിരെ ദക്ഷിണാഫ്രിക്കയാണ് ആദ്യം അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. പിന്നീട് പത്ത് രാജ്യങ്ങൾ കേസിൽ കക്ഷി ചേരുകയായിരുന്നു.
ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങളും കൺവെൻഷനുകളും ലംഘിക്കുന്നതുൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഇസ്‌റാഈലിന്റെ വെല്ലുവിളിക്കെതിരെയുള്ള കേസും കോടതി പരിഗണിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭാ ഏജൻസിയായ യു എൻ ആർ ഡബ്ല്യു എ (യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസി)ക്ക് ഇസ്‌റാഈൽ ഏർപ്പെടുത്തിയ വിലക്ക് യു എൻ ചാർട്ടറിന്റെ ലംഘനമാണെന്ന് 40ലധികം രാജ്യങ്ങൾ വാദിക്കുന്നു.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്‌റാഈൽ നടത്തുന്നതെന്ന് ഐ സി ജെയിലെ സഊദി പ്രതിനിധി മുഹമ്മദ് സഊദ് അൽ നാസ്വർ പറഞ്ഞു.
യു എൻ ആർ ഡബ്ല്യു എ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് തീർത്തും മനുഷ്യത്വരഹിതമായാണ് ഇസ്‌റാഈൽ പെരുമാറുന്നതെന്ന് യു എൻ ആർ ഡബ്ല്യു എ മേധാവി ഫിലിപ്പ് ലസ്സാരിനി പറഞ്ഞു. 2023 ഒക്‌ടോബർ മുതൽ 50ലധികം ജീവനക്കാരെയാണ് കസ്റ്റഡിയിലെടുത്തത്. ജീവനക്കാരെ മർദിക്കുകയും മനുഷ്യകവചമാക്കുകയും നായ്ക്കളെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
14 മരണം
ഗസ്സയിലുടനീളം ഇസ്‌റാഈൽ ആക്രമണത്തിൽ 14 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഗസ്സാ നഗരത്തിൽ മൂന്ന് പേരും ബൈത്ത് ഹനൂനിൽ രണ്ട്, ഖാൻയൂനുസിൽ മൂന്ന്, അൽ മവാസിയിൽ ആറ് എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ എണ്ണം.
മുതിർന്ന ഹമാസ് നേതാക്കളായ അബു ഹസ്‌നാൻ, മുസ്തഫ അൽ മുത്വവ്വക്ക് എന്നിവരെ ഗസ്സയിൽ വധിച്ചതായി ഇസ്‌റാഈൽ സൈന്യവും ഷിൻബെതും അവകാശപ്പെട്ടു.

Latest