National
അഹമ്മദാബാദ് വിമാന അപകടം; സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് കമ്മിറ്റി അന്വേഷണം നടത്തും
വിമാന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കമ്മിറ്റി തയ്യാറാക്കും

ന്യൂഡല്‍ഹി | അഹമ്മദാബാദ് വിമാനാപകടത്തെ പാര്‍ലമെന്റ് കമ്മിറ്റി അന്വേഷണം നടത്തും. ജെഡിയു
എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അന്വേഷണം നടത്തുക. വിമാന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കമ്മിറ്റി തയ്യാറാക്കും. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ഉന്നതതല സമിതിയുടെ യോഗം ഇന്ന് ചേരും.
അതേസമയം അഹമ്മദാബാദ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു തുടങ്ങി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 45 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേല്‍ അറിയിച്ചു.
248 ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് മൃതദേഹങ്ങള്‍ കൈമാറിത്തുടങ്ങിയത്. അതില്‍ വിദേശികളും ഉള്‍പ്പെടും. തിരിച്ചറിഞ്ഞ പത്തോളം പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മകള്‍ക്കൊപ്പമുള്ള ഭാര്യ അഞ്ജലിയെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായായിരുന്നു വിജയ് രൂപാണി ലണ്ടനിലേക്ക് പുറപ്പെട്ടത്. ഇതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നത്.
ജൂണ്‍ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്.