Connect with us

International

ഗസ്സ ഫ്ലോട്ടില പ്രവർത്തകരെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും; നാടുകടത്തൽ നടപടികൾ തുടങ്ങി

പിടികൂടിയ പ്രവർത്തകരെ ഇസ്റാഈൽ തുറമുഖത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

തെൽ അവീവ് | ഇസ്റാഈലി ഉപരോധം ലംഘിച്ച് ഗസ്സയിലേക്ക് സഹായവുമായി എത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ 500-ൽ അധികം വരുന്ന പ്രവർത്തകരെ ഇസ്റാഈൽ തടഞ്ഞതിന് പിന്നാലെ നാടുകടത്തൽ നടപടികൾ ആരംഭിച്ചു. മുൻപ് നടന്നതിന് സമാനമായി കുടിയേറ്റ നിയമപ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പ്രവർത്തകരെ താമസിപ്പിക്കാൻ സാധ്യതയുള്ള അതീവ സുരക്ഷാ ജയിലിനെക്കുറിച്ചും കടുത്ത ശിക്ഷാ നടപടികളെക്കുറിച്ചുമുള്ള ആശങ്കകൾ വർധിക്കുകയാണ്.

പിടികൂടിയ പ്രവർത്തകരെ ഇസ്റാഈൽ തുറമുഖത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗസ്സ മുനമ്പിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള അഷ്ദോദ് തുറമുഖത്തേക്കാണ് ഇവരെ എത്തിക്കുന്നത്. ഇവിടെയെത്തുന്നവരെ തിരിച്ചറിയുകയും നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾക്കായി കുടിയേറ്റ അതോറിറ്റിക്ക് കൈമാറുകയും ചെയ്യുമെന്ന് മനുഷ്യാവകാശ സംഘടനയായ അദലഹിന്റെ നിയമ ഡയറക്ടർ സുഹാദ് ബിഷാറ അറിയിച്ചു.

നാടുകടത്തുന്നതിന് മുൻപ് തടവിൽ പാർപ്പിക്കുന്നതിനായി ഇവരെ തെക്കൻ ഇസ്റാഈലിലെ അതീവ സുരക്ഷാ സംവിധാനമുള്ള കെറ്റ്‌സിയോട്ട് ജയിലിലേക്ക് മാറ്റാനാണ് സാധ്യത. 500 പേരെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനുള്ള ലോജിസ്റ്റിക്കൽ ബുദ്ധിമുട്ടുകൾ കാരണമാണ് സാധാരണ കുടിയേറ്റ തടവുകാരെ പാർപ്പിക്കാത്ത ഈ ജയിൽ തിരഞ്ഞെടുക്കാൻ കാരണമെന്ന് അന്താരാഷ്ട്ര നിയമ വിദഗ്ധൻ ഒമർ ഷാറ്റ്സ് പറഞ്ഞു. എന്നാൽ, ഈ ജയിൽ കഠിനമായ സാഹചര്യങ്ങൾക്ക് പേരുകേട്ടതാണ്.

മുൻപ് ഫ്ലോട്ടിലയിൽ പങ്കെടുത്തവർക്ക് ക്രിമിനൽ കേസുകൾ നേരിടേണ്ടി വന്നിട്ടില്ല. ഗ്രെറ്റ ട്യൂൺബെർഗ് ഉൾപ്പെടെയുള്ളവരെ മുമ്പും ഇസ്റാഈൽ തടഞ്ഞിട്ടുണ്ട്. ജൂണിൽ ഗ്രെറ്റ ട്യൂൺബെർഗിനെ തടഞ്ഞപ്പോൾ, അവർ ഉൾപ്പെടെ നാല് പേർ നാടുകടത്തൽ ഉത്തരവുകളിൽ ഒപ്പിട്ട് അപ്പീൽ നൽകാനുള്ള 72 മണിക്കൂർ അവകാശം ഉപേക്ഷിച്ച് ഉടൻ രാജ്യം വിട്ടു.

എന്നാൽ, യൂറോപ്യൻ പാർലമെന്റിലെ ഫ്രഞ്ച് അംഗം രിമ ഹസൻ ഉൾപ്പെടെ എട്ട് പ്രവർത്തകർ ഇസ്റാഈലിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്ന കാരണം പറഞ്ഞ് ഉത്തരവുകളിൽ ഒപ്പിടാൻ വിസമ്മതിച്ചു. ഇവരെ ടെൽ അവീവ് വിമാനത്താവളത്തിന് സമീപം തടവിലാക്കുകയും ഹസനെ കുറഞ്ഞ സമയത്തേക്ക് ഏകാന്ത തടങ്കലിൽ പാർപ്പിക്കുകയും ചെയ്തതായി ഒരു എൻ ജി ഒ. അറിയിച്ചു. ട്രിബ്യൂണൽ നാടുകടത്തൽ ഉത്തരവുകൾ ശരിവെക്കുകയും ഇവർക്ക് 100 വർഷത്തേക്ക് ഇസ്റാഈലിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.

ഫ്ളോട്ടില്ലകളിൽ ആവർത്തിച്ച് പങ്കെടുക്കുന്നവരെയും ആദ്യമായി വരുന്നവരെയും സാധാരണയായി ഒരുപോലെയാണ് കണക്കാക്കിയിരുന്നത്. എന്നാൽ, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ഉൾപ്പെടെയുള്ള ചില ഇസ്റാഈലി ഉദ്യോഗസ്ഥർ ഫ്ലോട്ടില പ്രവർത്തകരെ ദീർഘകാല തടങ്കലിന് വിധേയരാക്കാൻ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചതിനാൽ, മുമ്പത്തേതിനേക്കാൾ കടുപ്പമുള്ള നടപടികൾ ഇവർക്കെതിരെ ഉണ്ടായേക്കാം എന്ന അദലഹ് പോലുള്ള സംഘടനകൾക്ക് ആശങ്കയുണ്ട്.

ഫ്ലോട്ടില സജീവ യുദ്ധമേഖലയിലേക്ക് സമീപിക്കുകയാണെന്നും നിയമപരമായ നാവിക ഉപരോധം ലംഘിക്കുകയാണെന്നും നാവികസേന മുന്നറിയിപ്പ് നൽകിയിരുന്നതായി ഇസ്റാഈൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വഴി മാറ്റാൻ സംഘാടകരോട് ആവശ്യപ്പെടുകയും സഹായം ഗസ്സയിലേക്ക് കൈമാറാൻ വാഗ്ദാനം ചെയ്യുകയും ചെയ്തതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

Latest