Connect with us

From the print

ഗസ്സയിലെ വെടിനിർത്തൽ: യു എൻ പ്രമേയം അംഗീകരിച്ച് ഹമാസ്; ആക്രമണം തുടരുന്നു

പ്രതീക്ഷ നൽകുന്നുവെന്ന് യു എസ്

Published

|

Last Updated

തെൽ അവീവ്/ കൈറോ | ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് കളമൊരുങ്ങുന്നു. ഒമ്പത് മാസമായി തുടരുന്ന ഇസ്‌റാഈൽ അധിനിവേശം അവസാനിപ്പിച്ച് വെടിനിർത്തൽ ആവശ്യപ്പെടുന്ന യു എൻ പ്രമേയം ഹമാസ് അംഗീകരിച്ചു. യു എൻ പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് ഹമാസ് നേതൃത്വം അറിയിച്ചു. യു എൻ രക്ഷാസമിതിയിൽ യു എസ് കൊണ്ടുവന്ന പ്രമേയം കഴിഞ്ഞ ദിവസം പാസ്സായിരുന്നു. പ്രതീക്ഷ നൽകുന്നതാണ് തീരുമാനമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
എന്നാൽ, യു എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തിന് ഹമാസിന്റെയോ ഇസ്‌റാഈലിന്റെയോ ഔദ്യോഗിക മറുപടി വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന ഖത്വറിനോ ഈജിപ്തിനോ ലഭിച്ചിട്ടില്ല. വെടിനിർത്തൽ കരാറിന് ശേഷമുള്ള ഗസ്സയിലെ പദ്ധതികളെ കുറിച്ച് അടുത്ത ദിവസങ്ങളിൽ ചർച്ച തുടരുമെന്ന് തെൽ അവീവിൽ ഇസ്‌റാഈൽ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം ആന്റണി ബ്ലിങ്കൻ പറഞ്ഞു.
യു എൻ രക്ഷാസമിതിയിൽ യു എസ് കൊണ്ടുവന്ന പ്രമേയം പാസ്സായതിന് പിന്നാലെയാണ് ഗസ്സയിലെ അധിനിവേശം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലിങ്കൻ ഇസ്‌റാഈൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മധ്യ, തെക്കൻ ഗസ്സയിൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെയായിരുന്നു ചർച്ചകൾക്കായി ഇസ്‌റാഈൽ സന്ദർശിച്ചത്. വെടിനിർത്തലും ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിന് പകരമായി ഇസ്‌റാഈൽ ജയിലിൽ കഴിയുന്ന ഫലസ്തീനികളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുന്നതുമാണ് യു എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം.
യു എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ പ്രമേയം അംഗീകരിക്കുന്നുവെന്നും ചർച്ചകൾക്ക് തയ്യാറാണെന്നും ഹമാസ് നേതാവ് സമി അബു സുഹ്‌രി പറഞ്ഞു. ഇതിന് ഗസ്സയിൽ നിന്ന് ഇസ്‌റാഈൽ സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കൂടിക്കാഴ്ചകൾക്ക് ശേഷം ബ്ലിങ്കൻ ജോർദാനിലേക്ക് പോയതിന് പിന്നാലെ ഗസ്സയിലെ ഹമാസിന്റെ സൈനിക, ഭരണശേഷി പൂർണമായും ഇല്ലാതാക്കണമെന്ന നിലപാട് ഇസ്‌റാഈൽ ഉദ്യോഗസ്ഥൻ ആവർത്തിച്ചു.
അതേസമയം, ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്‌റാഈൽ ആക്രമണം തുടരുകയാണ്. മധ്യ, തെക്കൻ ഗസ്സയിൽ ഇന്നലെയും രൂക്ഷമായ വ്യോമാക്രമണം നടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേരാണ് ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിലെ അപാർട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും കുട്ടികളാണ്. ഒക്‌ടോബർ ഏഴിന് തുടങ്ങിയ അധിനിവേശത്തിനിടെ ഇതുവരെ 37,164 പേരാണ് കൊല്ലപ്പെട്ടത്.

Latest