Connect with us

Kerala

മാലിന്യം വലിച്ചെറിയല്‍; വാട്‌സാപ്പ് വഴി പരാതി സ്വീകരിച്ച് പിഴ ഈടാക്കിയത് 61,47,550 രൂപ

കൃത്യമായ തെളിവുകളോടെ വിവരം നല്‍കിയ ആളുകള്‍ക്ക് 1,29,750 രൂപ പാരിതോഷികവും അനുവദിച്ചു

Published

|

Last Updated

തിരുവനന്തപുരം | മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സിംഗിള്‍ വാട്ട്‌സാപ്പ് നമ്പറി(9446700800)ലൂടെ ലഭിച്ച പരാതികള്‍ വഴി ഒരു വര്‍ഷത്തിനിടെ 61,47,550 രൂപ പിഴചുമത്തി. കൃത്യമായ തെളിവുകളോടെ വിവരം നല്‍കിയ ആളുകള്‍ക്ക് 1,29,750 രൂപ പാരിതോഷികവും അനുവദിച്ചു.

63 സംഭവങ്ങളില്‍ പ്രോസിക്യൂഷന്‍ നടപടികളും ആരംഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് ആകെ ചുമത്തിയ പിഴ 11.01 കോടി രൂപയാണെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ആകെ പിഴയുടെ 5.58%മാണ് വാട്ട്‌സാപ്പ് നമ്പറില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചുമത്തിയത്. മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച പരാതികള്‍ വാട്ട്‌സാപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്ത എല്ലാവരെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.

മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ ജാഗ്രതയും നിരീക്ഷണവും ഉറപ്പുവരുത്താന്‍ പദ്ധതിയിലൂടെ സാധിച്ചു. നാടിന്റെ ശുചിത്വത്തിലായി ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും ഉയര്‍ന്ന പൗരബോധം പ്രകടിപ്പിക്കുകയും ചെയ്തവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആദ്യം 2,500 രൂപ എന്ന നിലയില്‍ പാരിതോഷികത്തിന് നിശ്ചയിച്ച പരിധി പിന്നീട് ഒഴിവാക്കി. ചുമത്തുന്ന പിഴയുടെ നാലിലൊന്ന് പരിധിയില്ലാതെ വിതരണം ചെയ്യണം എന്ന് ഉത്തരവിട്ടിരുന്നു. പരാതിക്കാരോട് വിവരങ്ങള്‍ തെളിവുകളോടെ ശേഖരിക്കുന്ന സിംഗിള്‍ വാട്ട്‌സാപ്പ് നമ്പര്‍ (ബോട്ട് സംവിധാനം) തയ്യാറാക്കിയ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനെയും ശുചിത്വമിഷനെയും പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

പൊതുജനങ്ങളുടെ ഈ ജാഗ്രത തുടരണം. നിയമലംഘനങ്ങള്‍ 9446700800 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെ റിപ്പോര്‍ട്ട് ചെയ്യാനും പാരിതോഷികം നേടാനുമുള്ള അവസരം ഏവരും തുടര്‍ന്നും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----