National
ഗുണ്ടാനേതാവ് അമന്‍ സിങ് ജയിലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
എന്നാല്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല.

ധന്‍ബാദ്| മുന്‍ നഗരസഭ മേയര്‍ നീരജ് സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ധന്‍ബാദ് ജയിലില്‍ കഴിയുന്ന യുപി ഗുണ്ടാനേതാവ് അമന്‍ സിങ്ങ് ജയിലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് അമന്‍ സിങ്ങ് കൊല്ലപ്പെട്ടത്. അടുത്തിടെ ബൈക്ക് മോഷണക്കേസില്‍ പുട്ട്കി പോലീസ് സ്റ്റേഷനില്‍ നിന്ന് ജയിലിലെത്തിയ സുന്ദര്‍ മഹ്‌തോയാണ് പ്രതിയെന്ന് ധന്‍ബാദ് പോലീസും ജില്ല ഭരണകൂടവും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല.
അമന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏഴ് വെടിയുണ്ടകളില്‍ രണ്ടെണ്ണം തലയിലും ഒന്ന് ഇടതു കണ്ണിലും നാലെണ്ണം വയറിലുമാണ് പതിച്ചത്. അമന്‍ സിങിനെ ധന്‍ബാദിലെ എസ്.എന്‍.എം.എം.സി.എച്ചിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 2021 മേയിലാണ് ഉത്തര്‍പ്രദേശിലെ മിര്‍ജാപൂര്‍ പോലീസ് അമന്‍ സിങിനെ അറസ്റ്റ് ചെയ്ത് ധന്‍ബാദ് പോലീസിന് കൈമാറിയത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെങ്കിലും ജയില്‍ തടവുകാര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം വിശദാംശങ്ങള്‍ അറിയിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ കലക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എ.ഡി.എം കമലകാന്ത് ഗുപ്ത, എസ്പി അജിത് കുമാര്‍ എന്നിവരടങ്ങിയ മൂന്നംഗ മജിസ്ട്രേറ്റ് അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ജുഡീഷ്യല്‍ അന്വേഷണവും നടത്തുമെന്ന് ഡെപ്പ്യൂട്ടി കമ്മീഷണര്‍ രഞ്ജന്‍ പറഞ്ഞു.
ജയിലിനുള്ളില്‍ വെച്ച് താന്‍ കൊല്ലപ്പെട്ടേക്കുമെന്ന ആശങ്ക അമന്‍ സിങ് ജയില്‍ അധികൃതരോട് നേരത്തെ പറഞ്ഞിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പോലീസ് ഉദ്യോഗസ്ഥര്‍ കോടതിക്ക് മുമ്പാകെ ഹാജരാകാത്തതിനെ തുടര്‍ന്ന് മറ്റൊരു കേസില്‍ ഇയാളെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.