Kasargod
ഗാന്ധിയുടെ ആശയങ്ങൾ രാജ്യത്തിന്റെ പ്രതീക്ഷ: എസ് എസ് എഫ്
വിദ്യാര്‍ത്ഥി റാലിയോടെയാണ് സംഗമം സമാപിച്ചത്.

ബദിയടുക്ക | സ്വാതന്ത്ര്യസമര രംഗത്ത് ഗാന്ധിജി ഉയർത്തിപ്പിടിച്ച ജനാധിപത്യം, മതേതരത്വം, സഹിഷ്ണുത, മാനവസൗഹൃദം എന്നീ മൂല്യങ്ങൾ രാജ്യത്തിന്റെ പ്രതീക്ഷയാണെന്ന് ‘പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ തിരിച്ചുവരുന്നു’ എന്ന പ്രമേയമുയർത്തി എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
രാജ്യം പ്രതീക്ഷയുടെ ആശയങ്ങളെയും നിലപാടുകളെയും ഉറ്റുനോക്കുന്നുണ്ട്. മറവികളോട് കലഹിക്കുന്ന ഓർമകൾ ഏറ്റവും മൂർച്ചയുള്ള പ്രതിരോധമാണെന്നും നിലനിൽക്കുന്ന വിഭജന രാഷ്ട്രീയ സിദ്ധാന്തങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും സംഗമം ആവശ്യപ്പെട്ടു.
എസ് വൈ എസ് കാസര്‍കോട് ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റെ് അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ റഈസ് മുഈനി, മുര്‍ഷിദ് പുളിക്കൂര്‍,റസാഖ് സഅദി, ബാദുഷ സഖാഫി, അബൂസാലി പെര്‍മുദെ, ഫൈസല്‍ സൈനി,ഖാദര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ് സ്വാഗതവും മന്‍ഷാദ് അഹ്സനി നന്ദിയും പറഞ്ഞു.പരിപാടിയില്‍ സൗഹൃദ സ്നേഹഗീതം അവതരിപ്പിച്ചു.
വിദ്യാര്‍ത്ഥി റാലിയോടെയാണ് സംഗമം സമാപിച്ചത്.