Connect with us

Uae

തൊഴിൽ ഭാവി; എ ഐ പ്രവചിക്കുന്നത് അഞ്ച് പുതിയ തൊഴിലുകൾ

യു എ ഇ സർവകലാശാലകൾ ഒരുങ്ങുന്നു

Published

|

Last Updated

അബൂദബി|2030-ഓടെ അഞ്ച് നൂതന തൊഴിലുകൾ രൂപപ്പെടുമെന്ന് കൃത്രിമ ബുദ്ധി പ്രവചനം. എ ഐ എത്തിക്‌സ് ഓഡിറ്റർ, മെറ്റാവേഴ്സ് എൻജിനീയർ, ക്വാണ്ടം കമ്പ്യൂട്ടിംഗ് സോഫ്റ്റ്്വെയർ ഡെവലപ്പർ, ഡിജിറ്റൽ അഡിക്ഷൻ തെറാപ്പിസ്റ്റ്, ലേണിംഗ് എൻജിനീയർ എന്നിവയാണ് പുതുതായി ഉയർന്നുവരിക. സാങ്കേതികവിദ്യയുടെ അതിവേഗ പുരോഗതിയും സമൂഹത്തിന്റെ മാറുന്ന ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഈ തൊഴിലുകൾ. എ ഐ സംവിധാനങ്ങളുടെ ധാർമികത, നീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്ന വിദഗ്ധരാണ് എ ഐ എത്തിക്‌സ് ഓഡിറ്റർ. എ ഐയുടെ ദുരുപയോഗം തടയാനും സാമൂഹിക ഉത്തരവാദിത്തം ഉറപ്പാക്കാനും ഇവർ പ്രവർത്തിക്കും.

വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നവരാണ് മെറ്റാവേഴ്സ് എൻജിനീയർമാർ. വിദ്യാഭ്യാസം, ഗെയിമിംഗ്, വ്യവസായം എന്നിവയിൽ മെറ്റാവേഴ്സിന്റെ വർധിച്ച ഉപയോഗമാണ് ഇവരെ അനിവാര്യമാക്കുന്നത്.
ക്വാണ്ടം കമ്പ്യൂട്ടിംഗ് സോഫ്റ്റ്്വെയർ ഡെവലപ്പർമാർ നവീന സോഫ്റ്റ്്െവയർ രൂപകൽപ്പന ചെയ്യുന്നവരാണ്. ഡാറ്റ പ്രോസസിംഗിന്റെ വേഗതയും കാര്യക്ഷമതയും വർധിപ്പിക്കാൻ ഇവർക്ക് കഴിയും. സോഷ്യൽ മീഡിയ, ഗെയിമിംഗ്, ഇന്റർനെറ്റ് എന്നിവയോടുള്ള അമിതാസക്തി ചികിത്സിക്കുന്ന മനഃശാസ്ത്ര വിദഗ്ധർമാരാണ് ഡിജിറ്റൽ അഡിക്ഷൻ തെറാപ്പിസ്റ്റ്. ഡിജിറ്റൽ ഉപകരണങ്ങളുടെ വർധിച്ച ഉപയോഗം ഇത്തരം തെറാപ്പിസ്റ്റുകളുടെ ആവശ്യകത വർധിപ്പിക്കുന്നു.

വ്യക്തിഗത പഠന അനുഭവങ്ങൾ രൂപകൽപ്പന ചെയ്യുന്നവരാണ് ലേണിംഗ് എൻജിനീയർ. എ ഐ, ഡാറ്റ അനലിറ്റിക്‌സ് എന്നിവ ഉപയോഗിച്ച് വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ഇവർ സഹായിക്കും.
2030-ഓടെ തൊഴിൽ വിപണിയിൽ വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായി, വിദ്യാർഥികളെ ഭാവി ജോലികൾക്ക് സജ്ജമാക്കാൻ പദ്ധതി തയ്യാറാക്കുകയാണ് യു എ ഇയിലെ സർവകലാശാലകൾ.

എ ഐ, ഡാറ്റ വിശകലനം, സുസ്ഥിരത, സംരംഭകത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, വിമർശനാത്മക ചിന്തയും പ്രായോഗിക വൈദഗ്ധ്യവും വളർത്തിയെടുക്കുന്നതിന് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. എ ഐ, ബിഗ് ഡാറ്റ, സൈബർ സുരക്ഷ, റോബോട്ടിക്‌സ്, ബഹിരാകാശ ശാസ്ത്രം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ കോഴ്‌സുകൾ അവതരിപ്പിക്കുകയും വിദ്യാർഥികളിൽ വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹാരം, ഇന്റർ ഡിസിപ്ലിനറി ലേണിംഗ്, പ്രായോഗിക പരിശീലനം എന്നിവ വളർത്തി ഭാവി ജോലികൾക്ക് സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയും അവ തിരിച്ചറിയുന്നുണ്ട്.

 

 

Latest