Connect with us

Uae

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഫുജൈറ പോലീസ്

'കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി മുറിച്ചുകടക്കാനുള്ള അവകാശം' എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ ക്യാമ്പയിന്‍ ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

ഫുജൈറ | അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഫുജൈറ പോലീസ്. യാത്രക്കാരുടെ ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും അപകടത്തിലാക്കുന്നതാണ് ഇത്തരം പ്രവൃത്തികളെന്ന് പോലീസ് വ്യക്തമാക്കി.

കാല്‍നടയാത്രക്കാര്‍ക്കായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങള്‍ ഒഴിവാക്കി റോഡ് മുറിച്ചുകടക്കുന്നത് ഫെഡറല്‍ ട്രാഫിക് ആന്‍ഡ് റോഡ് നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെന്നും ലംഘിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ഈടാക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

‘കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി മുറിച്ചുകടക്കാനുള്ള അവകാശം’ എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ ക്യാമ്പയിന്‍ ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ആരംഭിച്ചിട്ടുണ്ട്.സുരക്ഷിത റോഡ് പെരുമാറ്റങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ ലക്ഷ്യമിട്ടാണ് ക്യാമ്പയിന്‍.

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്ന ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ തടയാനാണ് ശ്രമമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സാലിഹ് മുഹമ്മദ് അബ്ദുല്ല അല്‍ ദന്‍ഹാനി പറഞ്ഞു. കുട്ടികള്‍, വയോജനങ്ങള്‍, പ്രത്യേക ആവശ്യക്കാര്‍ തുടങ്ങിയവര്‍ ഫുട്ബ്രിഡ്ജുകള്‍, ടണലുകള്‍, സീബ്രാ ക്രോസിംഗുകള്‍ എന്നിവ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡ്രൈവര്‍മാര്‍ ക്രോസിംഗുകളിലെത്തുമ്പോള്‍ വേഗത കുറച്ച് കാല്‍നടയാത്രക്കാര്‍ക്ക് ശ്രദ്ധയോടെ വഴിയൊരുക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.