Connect with us

Articles

ഇന്ധന വില: പിഴിഞ്ഞൂറ്റുന്നത് ജനങ്ങളെയാണ്

രാജ്യത്ത് വരാനിരിക്കുന്ന വലിയ വില വര്‍ധനകളുടെ തുടക്കമായിട്ടേ ഇന്ധന വില വര്‍ധനവിനെ കാണാന്‍ കഴിയൂ. അവശ്യ വസ്തുക്കളുടെ താങ്ങാനാകാത്ത വില വര്‍ധനവിന് ഇന്ധന വിലക്കയറ്റം വഴിയൊരുക്കും. ബസ്, ഓട്ടോറിക്ഷ ചാര്‍ജുകള്‍ കേരളത്തില്‍ വര്‍ധിച്ചു കഴിഞ്ഞു. ചരക്ക് ഗതാഗത രംഗത്തുണ്ടാകുന്ന കൂടിയ ചെലവുകള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഗതിവേഗം കൂട്ടും. സാധാരണക്കാര്‍ക്ക് ജീവിതം തന്നെ അസാധ്യമാകുന്ന സ്ഥിതിയാണ് കാത്തിരിക്കുന്നത്.

Published

|

Last Updated

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, ഇന്ധന വില ക്രമാതീതമായി വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞൂറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും സര്‍ചാര്‍ജും സെസും തുടര്‍ച്ചയായി വര്‍ധിപ്പിച്ച് വിലക്കയറ്റത്തിന്റെ നിലയില്ലാ കയങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന സൗജന്യങ്ങളും നികുതിയിളവുകളും കേന്ദ്ര സര്‍ക്കാറിന് വരുത്തുന്ന റവന്യൂ കമ്മി പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍ക്കുന്നതും ആസ്തികള്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതുമെല്ലാം. പൊതുമേഖലാ ബേങ്കുകളിലെ കടം എഴുതിത്തള്ളലടക്കമുള്ള കോര്‍പറേറ്റ് അനുകൂല നടപടികളിലൂടെ സമീപകാല വര്‍ഷങ്ങളില്‍ 42 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഒഴുക്കിക്കൊടുത്തത്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് ലക്ഷം കോടിയിലേറെ രൂപയാണ് ഇന്ധന വില വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തത്. ഫലത്തില്‍ പാചക വാതക സബ്സിഡി നിര്‍ത്തലാക്കി. ഇപ്പോള്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിന്‍ഡറിന്റെ വില ആയിരം രൂപയിലധികമായിരിക്കുന്നു. ഇതിനെല്ലാം പുറമെ, തുടര്‍ച്ചയായി ഏഴാം ദിവസവും ഇന്ധന വില കൂട്ടിയിരിക്കുന്നു. ഇന്നലെ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 113.28 രൂപയും ഡീസലിന് 100.15 രൂപയുമാണ് വില. കൊച്ചിയില്‍ ഡീസലിന് 98.16 രൂപയും പെട്രോളിന് 111.5 രൂപയുമാണ് പുതിയ വില. ഈ മാര്‍ച്ച് മാസത്തിലിത് ഒമ്പതാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ പെട്രോളിന് 7.01 രൂപയും ഡീസലന് 6.76 രൂപയുമാണ് കൂട്ടിയത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവ് പുനരാരംഭിച്ചതിന് ശേഷം ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിന്‍ഡറിന് 50 രൂപയും വര്‍ധിപ്പിച്ചു. മാര്‍ച്ച് മാസം ആദ്യം പാചക വാതക സിലിന്‍ഡറിന് ഒറ്റയടിക്ക് 107 രൂപയാണ് വര്‍ധിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്ന സാഹചര്യത്തിലും ഇന്ത്യയില്‍ അനുദിനം മുറതെറ്റാതെ വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് കാലത്ത് നിര്‍ത്തിവെച്ചിരുന്ന വില വര്‍ധന അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കൂടി എന്ന് പറഞ്ഞു കൊണ്ടാണ് മാര്‍ച്ച് 22ന് പുനരാരംഭിച്ചത്. അന്ന് ഒരു ബാരല്‍ എണ്ണക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 115.48 ഡോളറായിരുന്നു വില. ഏകദേശം 8,765.55 രൂപ. മാര്‍ച്ച് 28ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡിന്റെ വില ബാരലിന് 110.23 ഡോളറായി താഴ്ന്നു. ആ ദിവസം തന്നെ മോദി സര്‍ക്കാര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 74 പൈസയും വര്‍ധിപ്പിച്ചു! കൊവിഡ് മഹാമാരിയുടെ ആദ്യ അടച്ചുപൂട്ടലിന്റെ കാലത്ത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില 19 ഡോളറിലേക്ക് വരെ താഴ്ന്നപ്പോഴും ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ കൊള്ള ലാഭത്തിനായി നികുതി തുടര്‍ച്ചയായി കുത്തനെ കൂട്ടിക്കൊണ്ടിരുന്നല്ലോ.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടായിരുന്നല്ലോ കഴിഞ്ഞ നവംബര്‍ രണ്ട് മുതല്‍ ഇന്ധന വില കൂട്ടുന്നത് നിര്‍ത്തിവെച്ചത്. അപ്പോള്‍ പെട്രോള്‍ വില 112.43 രൂപയായിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കൗശലപൂര്‍വമായ നടപടി എന്ന നിലക്കാണല്ലോ രണ്ട് ദിവസം കഴിഞ്ഞ് നികുതിയില്‍ നേരിയ കുറവ് വരുത്തി പെട്രോള്‍, ഡീസല്‍ വില കുറക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെടുത്തത്. കടുത്ത വര്‍ഗീയ വിഭജന അജന്‍ഡയോടൊപ്പം ഇത്തരം ഗിമ്മിക്കുകളും യു പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് ഗുണം ചെയ്തിരിക്കാം. ഇപ്പോള്‍ പഴയതിനേക്കാള്‍ ഉയര്‍ന്ന വിലയിലെത്തിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എത്ര സമര്‍ഥമായാണ് ഇന്ധന വില വര്‍ധനയും അതുവഴിയുള്ള കൊള്ളയും മോദി സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഇന്ധന വിലയില്‍ വര്‍ധനവൊന്നും വരുത്താതെ വോട്ടര്‍മാരില്‍ അപ്രീതി ഉണ്ടാകാതെ സൂക്ഷിക്കുക. അത് കഴിഞ്ഞാല്‍ പഴയത് പോലെ ഇന്ധന വില വര്‍ധനവ് പതിവ് പരിപാടിയായി തുടരുക. തിരഞ്ഞെടുപ്പ് സമയം ഇന്ധന വിലയില്‍ കൈവെച്ചാല്‍ പൊള്ളലേല്‍ക്കുമെന്ന് ബി ജെ പിക്കാര്‍ക്കും കേന്ദ്ര സര്‍ക്കാറിനും നന്നായറിയാം.

ഇന്ധന വില വര്‍ധനക്കെതിരെ ഒരുകാലത്ത് സ്‌കൂട്ടര്‍ തള്ളി പ്രതിഷേധം സംഘടിപ്പിച്ചവരാണല്ലോ ബി ജെ പിക്കാര്‍. എന്നാല്‍ അവരിപ്പോള്‍ രാജ്യം ഭരിക്കുമ്പോള്‍ ഇന്ധന വില വര്‍ധനവിലൂടെ രാപ്പകല്‍ ഭേദമില്ലാതെ കൊള്ള നടത്തിക്കൊണ്ടിരിക്കുന്നതിലെ വൈരുധ്യത്തെ കുറിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ല. പാവപ്പെട്ടവര്‍ക്ക് കക്കൂസുണ്ടാക്കാനാണ് ഇന്ധന വില കൂട്ടുന്നത് എന്നൊക്കെ വലിയ വായില്‍ ന്യായം പറയുന്നവരുടെ പാര്‍ട്ടിയാണല്ലോ ബി ജെ പി. ‘ഞങ്ങളന്ന് സ്‌കൂട്ടറുന്തിയിട്ടുണ്ടാകും, എന്നാലിന്ന് ഞങ്ങള്‍ക്ക് ഭരണമുണ്ട്. അതുകൊണ്ട് സ്‌കൂട്ടറുന്താന്‍ ഇപ്പോള്‍ വേറെയാളുകളുണ്ട്’- മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞതിങ്ങനെയായിരുന്നല്ലോ. എന്തൊരു തരം ജനവിരുദ്ധതയുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും സംസാരങ്ങളാണിതെല്ലാം!

50 രൂപക്ക് പെട്രോള്‍ നല്‍കുമെന്നായിരുന്നല്ലോ ബി ജെ പി നേതൃത്വം നല്‍കിയ ഒന്നാം എന്‍ ഡി എയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ. എന്നാലിന്ന് ബി ജെ പി ഭരണം ഏഴ് വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍, 50 രൂപക്ക് അര ലിറ്റര്‍ പെട്രോള്‍ പോലും ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. അല്ലെങ്കിലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കാനുള്ളതല്ലെന്ന് ബി ജെ പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള (ഇപ്പോഴത്തെ ഗോവ ഗവര്‍ണര്‍) നേരത്തേ തന്നെ പറഞ്ഞു വെച്ചിട്ടുണ്ടല്ലോ. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പിയെന്ന് സമ്മതിച്ചതിന് ശ്രീധരന്‍ പിള്ളയോട് എന്തായാലും നന്ദി പറയാം.

രാജ്യത്ത് വരാനിരിക്കുന്ന വലിയ വില വര്‍ധനകളുടെ തുടക്കമായിട്ടേ ഇന്ധന വില വര്‍ധനവിനെ കാണാന്‍ കഴിയൂ. അവശ്യ വസ്തുക്കളുടെ താങ്ങാനാകാത്ത വില വര്‍ധനവിന് ഇന്ധന വിലക്കയറ്റം വഴിയൊരുക്കും. ബസ്, ഓട്ടോറിക്ഷ ചാര്‍ജുകള്‍ കേരളത്തില്‍ വര്‍ധിച്ചു കഴിഞ്ഞു. ചരക്ക് ഗതാഗത രംഗത്തുണ്ടാകുന്ന കൂടിയ ചെലവുകള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഗതിവേഗം കൂട്ടും. സാധാരണക്കാര്‍ക്ക് ജീവിതം തന്നെ അസാധ്യമാകുന്ന സ്ഥിതിയാണ് കാത്തിരിക്കുന്നത്.

ഇടക്കിടെ ഇന്ധന നികുതി വര്‍ധിപ്പിക്കുന്നതിന് പുറമെ ഡീസല്‍ വില നിയന്ത്രണാധികാരവും മോദി സര്‍ക്കാര്‍ തന്നെയാണല്ലോ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയത്. നേരത്തേ യു പി എ സര്‍ക്കാര്‍ പെട്രോളിന്റെ വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് നല്‍കിയതിനെതിരെ പ്രതിഷേധിച്ചവരാണ് ബി ജെ പിക്കാരെന്ന കാര്യം വിസ്മരിച്ചു കളയരുത്. മോദി കോര്‍പറേറ്റുകള്‍ക്ക് കനിഞ്ഞു നല്‍കിയത് ഡീസല്‍ വില നിയന്ത്രണാധികാരമായിരുന്നെങ്കില്‍, കോണ്‍ഗ്രസ്സ് നല്‍കിയത് പെട്രോള്‍ വില നിയന്ത്രണാധികാരമായിരുന്നുവെന്നും മറക്കരുത്.