Connect with us

First Gear

ഐഡി ഇലക്ട്രിക് മൈക്രോ ബസുമായി ഫോക്‌സ് വാഗണ്‍

ഐഡി ബസിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ 2022 മാര്‍ച്ച് ഒമ്പതിന് വിപണിയില്‍ അവതരിപ്പിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗന്റെ ഐതിഹാസിക മോഡലുകളില്‍ ഒന്നാണ് കോമ്പി മൈക്രോ ബസ്. 1950ലാണ് ഈ ബസ് വിപണിയിലെത്തിയത്. ഇപ്പോള്‍ ബ്രാന്‍ഡ് ഒരു ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കോമ്പിയുടെ ഒരു ഓള്‍-ഇലക്ട്രിക് മോഡലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടും കുറച്ചു കാലങ്ങളായി. ഒടുവില്‍ ഐഡി ബസിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ 2022 മാര്‍ച്ച് ഒമ്പതിന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഫോക്സ് വാഗണ്‍.

2023 അവസാനത്തോടെ യുഎസ് വിപണിയില്‍ ഇലക്ട്രിക് മൈക്രോ ബസ് വില്‍പ്പനയ്‌ക്കെത്തിക്കാനും ഫോക്സ് വാഗണ്‍ പദ്ധതിയിടുന്നുണ്ട്. ദീര്‍ഘകാലമായി കാത്തിരുന്ന റെട്രോ ശൈലിയിലുള്ള ഇലക്ട്രിക് ഐഡി ബസിന് നിരവധി പ്രത്യേകതകളായിരിക്കും ഉണ്ടായിരിക്കുക. ഫോക്സ് വാഗണ്‍ ഐഡി മൈക്രോ ബസിന്റെ ഒരു ടീസര്‍ ചിത്രവും കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. ഐഡി.3, ഐഡി.4, പുതുതായി അവതരിപ്പിച്ച ഐഡി.5 എന്നിവയ്ക്ക് ശേഷം ഫോക്സ് വാഗന്റെ നാലാമത്തെ സമര്‍പ്പിത ഇലക്ട്രിക് മോഡലായി ഇത് മാറും. പാസഞ്ചര്‍ വാഹനമായും വാണിജ്യ വാഹനമായും വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഐഡി മോഡല്‍ കൂടിയാണിത്.

ഈ വര്‍ഷം മുതല്‍ ജര്‍മനിയിലെ ഹാനോവറിലുള്ള ഫോക്സ് വാഗന്റെ വാണിജ്യ വാഹന പ്ലാന്റിലാണ് ഐഡി ഇലക്ട്രിക് മൈക്രോ ബസിനായുള്ള ഉത്പാദനം നടത്താന്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. പുതിയ ഐഡി മോഡലിന്റെ സാങ്കേതിക വിശദാംശങ്ങള്‍ ഇതുവരെ ബ്രാന്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും മറ്റ് ഐഡി-ബാഡ്ജ് ചെയ്ത മോഡലുകളുമായി അതിന്റെ ഡ്രൈവ് ട്രെയിന്‍, ബാറ്ററി കോണ്‍ഫിഗറേഷനുകള്‍ എന്നിവ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് യുഎസ് സ്റ്റാര്‍ട്ടപ്പ് ആയ ആര്‍ഗോ എഐയുമായി സഹകരിച്ചാണ് ജര്‍മന്‍ ബ്രാന്‍ഡ് വികസിപ്പിച്ചെടുക്കുന്നത്. മറ്റ് എംഇബി അധിഷ്ഠിത മോഡലുകളില്‍ കാണുന്നത് പോലെ ലെവല്‍ 2 സെമി-ഓട്ടോണമസ് ഫംഗ്ഷണാലിറ്റി കൊണ്ട് മൈക്രോ ബസിനെ സജ്ജീകരിക്കാനാണ് സാധ്യത. ആര്‍ഗോ വികസിപ്പിച്ചെടുത്ത സ്വയംഭരണ സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നതിന് കാമറകള്‍, ലിഡാര്‍, റഡാര്‍ സെന്‍സറുകള്‍ എന്നിവയെല്ലാമാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്ത് വൈദ്യുതീകരണ തന്ത്രവുമായി ബന്ധപ്പെട്ട് ഫോക്സ് വാഗണ്‍ അതിവേഗത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബ്രാന്‍ഡ് ഇന്ത്യയ്ക്കായുള്ള പദ്ധതികളെക്കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല. നിലവില്‍ ഇന്ത്യ 2.0 തന്ത്രത്തിലാണ് ബ്രാന്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

Latest