Connect with us

Kerala

മുന്‍ എം എല്‍ എ. രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

Published

|

Last Updated

കൊച്ചി | വിവാദം സൃഷ്ടിച്ച ആശ്രിത നിയമനം റദ്ദാക്കി ഹൈക്കോടതി. മുന്‍ എം എല്‍ എ. കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ നിയമനമാണ് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്. പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹരജിയാണ് കോടതി അംഗീകരിച്ചത്. പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു പ്രശാന്തിന്റെ നിയമനം.

ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാനകാലത്താണ് നിയമനം നടന്നത്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെയാണ് ഇതും ചര്‍ച്ചയായത്. അന്തരിച്ച മുന്‍ ചെങ്ങന്നൂര്‍ എം എല്‍ എയായ കെ കെ രാമചന്ദ്രന്‍ നായരുടെ മകന് ആശ്രിത നിയമനം എന്ന നിലക്ക് ജോലി നല്‍കുന്നു എന്നായിരുന്നു അന്ന് സര്‍ക്കാര്‍ പറഞ്ഞത്. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത്. എം എല്‍ എ എന്നത് ജനപ്രതിനിധിയാണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല എന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് മാത്രമേ ഇത്തരം നിയമനത്തിന് അര്‍ഹതയുള്ളൂവെന്നുമാണ് ഹരജിയില്‍ വ്യക്തമാക്കിയത്. പ്രശാന്തിന്റെ നിയമനം ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ റാങ്കില്‍ നിയമിച്ച പ്രശാന്തിന് ഇതിന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുണ്ട് എന്നായിരുന്നു സര്‍ക്കാറിന്റെ ന്യായീകരണം. 2018ലെ മന്ത്രിസഭാ യോഗമാണ് പ്രശാന്തിന്റെ നിയമനം സംബന്ധിച്ച തീരുമാനമെടുത്തതെന്നും പൊതുഭരണസെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. നിയമനം ഹരജിക്കാരനെ ഒരു തരത്തിലും ബാധിക്കുന്നതല്ല എന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഈ വാദങ്ങളൊക്കെ നിരാകരിച്ചു കൊണ്ടാണ് കോടതി പ്രശാന്തിന്റെ നിയമനം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

 

Latest