Kerala
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു
അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന വി എസ് അച്യുതാനന്ദന്‍ യാത്രയായി. 102 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20നാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടക്കത്തിൽ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഇന്ന് ഉച്ചയോടെ നില അതീവ ഗുരുതരമാവുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മുതിർന്ന പാർട്ടി നേതാക്കളും എല്ലാം ആശുപത്രിയിൽ എത്തിയിരുന്നു.
ഭൗതിക ദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ഒൻപത് മുതൽ ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയോടെ സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
1923ല്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലായിരുന്നു ജനനം. 2006 മെയ് 18ന് 83ാം വയസ്സില്‍ മുഖ്യമന്ത്രിയായി. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഒടുവില്‍ മത്സരിച്ച 2016ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴ് തവണ വിജയിച്ചു. 1992-1996, 2001-2006, 2011-2016 എന്നീ കേരളാ നിയമസഭകളില്‍ പ്രതിപക്ഷ നേതാവായിരുന്നു.
1952ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെയാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. 1954ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗം. 1956ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി.
1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാടിസ്ഥാനത്തില്‍ രണ്ടായി പിളര്‍ന്നതോടെ സി പി എം കേന്ദ്ര കമ്മറ്റിയംഗമായി. 1964 മുതല്‍ 1970 വരെ സി പി എം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിവച്ച 1964ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴുനേതാക്കളില്‍ ഒരാളാണ് വി എസ് അച്യുതാനന്ദന്‍. 1980 മുതല്‍ 1991 വരെ മൂന്ന് തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ അംഗം.
2020 ജനുവരിയില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വി എസ് പിന്നീട് തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു.