National
ഓപ്പറേഷൻ സിന്ദൂർ: ലോക്സഭയിൽ 16 മണിക്കൂർ ചർച്ച നടത്താൻ സമ്മതിച്ച് കേന്ദ്ര സർക്കാർ
അടുത്തയാഴ്ച ഇത് പരിഗണിച്ചേക്കും

ന്യൂഡൽഹി | ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം ഭീകരാക്രമണം എന്നീ വിഷയങ്ങളിൽ ലോക്സഭയിൽ 16 മണിക്കൂർ ചർച്ച നടത്താൻ സർക്കാർ സമ്മതിച്ചു. അടുത്തയാഴ്ച ഇത് പരിഗണിച്ചേക്കും. എന്നാൽ, ഈ ആഴ്ച തന്നെ ചർച്ച ആരംഭിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകണമെന്നും പ്രതിപക്ഷം നിർബന്ധം പിടിച്ചു.
പ്രധാനമന്ത്രി മോദി ഈ ആഴ്ച വിദേശ സന്ദർശനത്തിന് പോകുകയാണെന്നും, അദ്ദേഹം സഭയിൽ ഉള്ളപ്പോൾ മാത്രമേ ചർച്ച സാധ്യമാകൂ എന്നും സർക്കാർ പ്രതിനിധികൾ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാട്ടിയതായി വൃത്തങ്ങൾ അറിയിച്ചു.
പ്രതിപക്ഷത്തിന്റെ ചർച്ചാ ആവശ്യം ഈ ആഴ്ചയിലെ സർക്കാരിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും സഭയിൽ ഉണ്ടായിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിനെ കുറിച്ചും മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ചും ചർച്ച വേണമെന്നും ചില പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്നാണ് തുടക്കമായത്. ഓഗസ്റ്റ് 21ന് സമാപിക്കും.