National
ആറ് സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പുതുക്കൽ പൂർത്തിയായി; ഗുജറാത്തിൽ 68 ലക്ഷം പേർ പട്ടികക്ക് പുറത്ത്
മധ്യപ്രദേശിൽ 34,25,078 പേരെയും രാജസ്ഥാനിൽ 31,36,286 പേരെയും ഒഴിവാക്കി
ന്യൂഡൽഹി | രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിവന്ന വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ് ഐ ആർ.) നടപടികൾ പൂർത്തിയായി. പുതുക്കിയ വോട്ടർപട്ടിക പുറത്തിറക്കിയപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അർഹരല്ലാത്ത ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർ തുടങ്ങിയവരെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്.
ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കിയത് ഗുജറാത്തിലാണ്. 68,12,711 വോട്ടർമാരാണ് ഇവിടെ പട്ടികയ്ക്ക് പുറത്തായത്. ഇതോടെ ഗുജറാത്തിലെ ആകെ വോട്ടർമാർ 4,40,30,725 ആയി ചുരുങ്ങി. മധ്യപ്രദേശിൽ 34,25,078 പേരെയും രാജസ്ഥാനിൽ 31,36,286 പേരെയും ഒഴിവാക്കി. കേരളത്തിൽ 8,97,211 വോട്ടർമാരെയാണ് പുതുക്കൽ നടപടികൾക്ക് ശേഷം നീക്കം ചെയ്തത്. ഇതോടെ കേരളത്തിലെ വോട്ടർമാരുടെ എണ്ണം 2,78,50,855ൽ നിന്നും 2,69,53,644 ആയി കുറഞ്ഞു. ഛത്തീസ്ഗഢിൽ 24,99,823 പേരും ഗോവയിൽ 1,27,468 പേരും പട്ടികയിൽ നിന്നും പുറത്തായി.
കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയിൽ 77,367 പേരെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 52,364 പേരെയും ലക്ഷദ്വീപിൽ 206 പേരെയും ഒഴിവാക്കിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഢ്, ഗോവ, കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അന്തിമ വോട്ടർപട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.
പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവരങ്ങൾ ഈ മാസം അവസാനം പുറത്തുവിടും. രാജ്യവ്യാപകമായി നടക്കുന്ന ഈ ശുദ്ധീകരണ നടപടികളുടെ അടുത്ത ഘട്ടം ഏപ്രിലിൽ ആരംഭിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.



