Connect with us

Kerala

റോഡരികിലെ പെരുമരങ്ങളില്‍ പുഴുശല്യം രൂക്ഷം; ഇടമുറിയില്‍ ജനങ്ങള്‍ ദുരിതത്തില്‍

ഇടമുറി റബ്ബര്‍ ബോര്‍ഡ് പരീക്ഷണ തോട്ടത്തിലെ പെരുമരങ്ങളിലാണ് പുഴുക്കളുടെ വ്യാപനം കൂടുതലായി കണ്ടെത്തിയത്.

Published

|

Last Updated

പത്തനംതിട്ട| റോഡരികിലെ പെരുമരങ്ങളില്‍ പുഴുശല്യം രൂക്ഷമായതോടെ റാന്നി ഇടമുറിയില്‍ നാട്ടുകാരുടെ ജീവിതം ദുരിതത്തിലായി. ഇടമുറി റബ്ബര്‍ ബോര്‍ഡ് പരീക്ഷണ തോട്ടത്തിലെ പെരുമരങ്ങളിലാണ് പുഴുക്കളുടെ വ്യാപനം കൂടുതലായി കണ്ടെത്തിയത്.

മുക്കട–ഇടമണ്‍–അത്തിക്കയം എംഎല്‍എ റോഡില്‍ തോമ്പിക്കണ്ടം മുതല്‍ ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം വരെയാണ് സ്ഥിതി ഗുരുതരമായത്. മരങ്ങളില്‍ നിന്ന് പുഴുക്കള്‍ കൂട്ടത്തോടെ റോഡിലേക്കും യാത്രക്കാരുടെ ശരീരത്തേക്കും വീഴുന്നത് പതിവായതോടെ ഈ വഴി സഞ്ചാരം ദുഷ്‌കരമായി.

സ്കൂളിലേക്ക് പോകുന്ന കുട്ടികളാണ് പ്രധാനമായും ദുരിതമനുഭവിക്കുന്നത്. ദേഹത്ത് പുഴുക്കള്‍ വീഴുന്നതോടെ ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ കുട്ടികള്‍ ഭീതിയോടെയാണ് ഈ വഴി സഞ്ചരിക്കുന്നത്.  പുഴുക്കള്‍ ദേഹത്ത് വീഴാതിരിക്കാന്‍ കുട ചൂടി നടക്കേണ്ട സാഹചര്യമാണുള്ളത്.

പുഴുശല്യം തുടര്‍ന്നാല്‍ അലര്‍ജി ഉള്‍പ്പെടെ വിവിധ ചര്‍മ്മരോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്.

റബ്ബര്‍ ബോര്‍ഡ് അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തിരമായി ഇടപെട്ട് മരങ്ങളില്‍ നിന്ന് പുഴുക്കളെ നശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ ശക്തമാകുന്നതിന് മുന്‍പ് പരിഹാരം കണ്ടില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്ന ആശങ്കയും ഉയരുന്നു.

---- facebook comment plugin here -----

Latest