National
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കും: അമിത് ഷാ
കുടിയേറ്റക്കാർ കോൺഗ്രസിന്റെ വോട്ട് ബാങ്കായതിനാൽ അവരെ പുറത്താക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് അദ്ദേഹം
ഗുവാഹത്തി | രാജ്യത്തെ വോട്ടർപട്ടികയിൽ നിന്ന് മാത്രമല്ല, ഇന്ത്യയിൽ നിന്ന് തന്നെ നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം പോലീസ് 10-ാം ബറ്റാലിയന്റെ പുതിയ ക്യാമ്പസിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ നക്സൽ വിമുക്തമാക്കാൻ സാധിക്കുമെങ്കിൽ നുഴഞ്ഞുകയറ്റക്കാരിൽ നിന്നും രാജ്യത്തെ മുക്തമാക്കാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നുഴഞ്ഞുകയറ്റക്കാർ കൈയേറിയ ഭൂമിയിൽ നിന്നാണ് പുതിയ ക്യാമ്പ് നിർമ്മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കയ്യേറ്റ ഭൂമിയിൽ നിന്ന് ഇവരെ ഒഴിപ്പിച്ചാൽ മാത്രം പോരെന്നും രാജ്യത്തിന് പുറത്തേക്ക് അയക്കണമെന്നുമാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. നിയമവിരുദ്ധ കുടിയേറ്റക്കാർ കോൺഗ്രസിന്റെ വോട്ട് ബാങ്കായതിനാൽ അവരെ പുറത്താക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് അദ്ദേഹം ആരോപിച്ചു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അസം കിഴക്കൻ-വടക്കുകിഴക്കൻ ഇന്ത്യയുടെ വ്യവസായ കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ ഈ പ്രസ്താവനകൾ എന്നത് ശ്രദ്ധേയമാണ്.




