Connect with us

National

മുന്‍ എ ആര്‍ ടി ഒയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് കോടിക്കണക്കിന് രൂപയുടെ സ്വത്ത്‌വകകള്‍; ഒളിച്ചത് ചുവരുകള്‍ക്കുള്ളിലും ഫര്‍ണിച്ചറുകളിലും

Published

|

Last Updated

ലഖ്‌നൗ |  ഉത്തര്‍പ്രദേശ് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ മുന്‍ അസിസ്റ്റന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ലളിത് കുമാറിന്റെ വീട്ടില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെടുത്തു. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും 13 കിലോ സ്വര്‍ണ്ണവും ഏകദേശം 1.62 കോടി രൂപയുമാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലായിരുന്നു പരിശോധന

 

വീട്ടിലെ വിവിധയിടങ്ങളില്‍ കെട്ടുകളായി സൂക്ഷിച്ച പണവും സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും വിലകൂടിയ വാച്ചുകളും നിരവധി നിക്ഷേപ രേഖകളും സംഘം കണ്ടെത്തി. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് കോടിക്കണക്കിന് രൂപ മൂല്യം വരുമെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ചുവരുകള്‍ക്കുള്ളിലും ഫര്‍ണിച്ചറുകള്‍ക്കിടയിലും അതീവ രഹസ്യമായി നിര്‍മ്മിച്ച ലോക്കറുകളിലായിരുന്ന ഇവ സൂക്ഷിച്ചിരുന്നത്. കുടുംബാംഗങ്ങള്‍ പോലും ഈ ലോക്കറുകളെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ഒരു അത്യാധുനിക ഡിജിറ്റല്‍ ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പാസ്വേഡ് മറന്നുപോയി എന്ന് പറഞ്ഞ് ലളിത് കുമാര്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് സാങ്കേതിക വിദഗ്ധര്‍ എത്തി രണ്ട് മണിക്കൂര്‍ പണിപ്പെട്ടാണ് ഈ ലോക്കര്‍ തുറന്നത്.വീടിന്റെ പല ഭാഗങ്ങളിലും കബോര്‍ഡുകളിലുമായി പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 1.62 കോടി രൂപ ഉണ്ടായിരുന്നത്. ഇതുകൂടാതെ ലക്‌നൗ, ആഗ്ര, നോയിഡ തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ ലളിത് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ കോടിക്കണക്കിന് രൂപയുടെ ഭൂമിയും ആഡംബര വീടുകളും വാങ്ങിയതിന്റെ രേഖകളും വിജിലന്‍സ് കണ്ടെടുത്തു. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, ബെനാമി സ്വത്തുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. പിടിച്ചെടുത്ത പണത്തിന്റെയും രേഖകളുടെയും ഫോറന്‍സിക്, സാമ്പത്തിക പരിശോധനകള്‍ നിലവില്‍ നടന്നുവരികയാണ്.

Content Highlights: The UP Vigilance department raided the house of former ARTO Lalit Kumar over a disproportionate assets case. Officials recovered 13 kg of gold and 1.62 crore rupees in cash hidden in secret digital lockers. Documents of luxury properties and mutual fund investments were also seized.

 

Latest