National
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം;കാണാതായവരില്‍ സൈനികരും
രണ്ടാമതുണ്ടായ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമാണ് ആര്‍മി ക്യാമ്പിനെ ബാധിച്ചത്

ഉത്തരകാശി | ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഇരട്ട മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കാണാതായവരില്‍ സൈനികരും ഉള്‍പ്പെട്ടതായി വിവരം. ഹര്‍സില്‍ ആര്‍മി ബേസ് ക്യാമ്പിനെ മിന്നല്‍ പ്രളയം ബാധിച്ചതാ.ാണ് അറിയുന്നത്. രണ്ടാമതുണ്ടായ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമാണ് ആര്‍മി ക്യാമ്പിനെ ബാധിച്ചത്. അതേ സമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേ സമയം ദുരന്തത്തില്‍ മരണം അഞ്ചായതായും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ 20 പേരെ രക്ഷപെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനവും സ്ഥിതിഗതികളും യോഗം വിലയിരുത്തി.
മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഘീര്‍ഗംഗ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു ഗ്രാമം ഒന്നാകെ ഒലിച്ചുപോയ ധരാളിക്കടുത്ത സുഖി ടോപ്പിലാണ് രണ്ടാമത് മേഘവിസ്‌ഫോടനമുണ്ടായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇതോടെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ദുഷ്‌കരമായി. അഞ്ചോളം പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേരെ കാണാനില്ല. മിന്നല്‍ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ധരാളി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. സുഖി ടോപ്പിലെ ദുരന്തത്തെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.ദുരന്തഭൂമിയില്‍ കൂടുതല്‍ സൈന്യത്തെയെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ദുരനത്തില്‍ പ്രധാനമന്ത്ര അനുശോചനം രേഖപ്പെടുത്തി.ഉച്ചക്ക് 1.40ഓടെയാണ് ആദ്യ മേഘവിസ്‌ഫോടനമുണ്ടായത്. ഇതോടെ ബഹുനില കെട്ടിടങ്ങളെയും വീടുകളെയുമെല്ലാം പിഴുതെടുത്താണ് പ്രളയജലം ധരാളി ഗ്രാമത്തെ മുക്കി. ഓടിക്കൊണ്ടിരുന്ന വാഹനങ്ങളടക്കം ഒഴുകിപ്പോയി. അടുത്തുതന്നെ വിനോദ സഞ്ചാര കേന്ദ്രമുള്ളതിനാല്‍ പ്രദേശത്ത് നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ടായിരുന്നു. ഇവയെല്ലാം ഒലിച്ചുപോയതായാണ് വിവരം. ഇരച്ചെത്തിയ പ്രളയ ജലം ഗ്രാമത്തെ നക്കിത്തുടച്ച് നീങ്ങുന്ന ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നവയാണ്. ആളുകളുടെ നിലവിളി ശബ്ദം വീഡിയോകളില്‍ പതിഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് മൂന്ന് മണിയോടെ സുഖ് ടോപ്പില്‍ വീണ്ടും മേഘവിസ്‌ഫോടനമുണ്ടായത്.കരസേനയടക്കം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ പ്രദേശത്ത് ഇപ്പോഴും പ്രളയജലം ഒഴുകുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ്. പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രളയ മുന്നറിയിപ്പൊന്നും നേരത്തേ നല്‍കിയിരുന്നില്ല. ദുരന്തത്തെ തുടര്‍ന്ന് സമീപത്തുള്ളവര്‍ ഉടന്‍ മാറിത്താമസിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.