National
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കാണാതായ സൈനികരടക്കം നൂറോളം പേര്‍ക്കായി തിരച്ചില്‍
കൂടുതല്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘവും വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനായി എത്തും.

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഇന്നും തുടരുന്നു. കൂടുതല്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘവും വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനായി എത്തും. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ദുരന്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ മരണ സംഖ്യ കൂടാനിടയുണ്ട്. 9 സൈനികര്‍ അടക്കം നൂറോളം പേരെ കാണാതായതായാണ് സൂചന. മേഖലയില്‍ പലയിടത്തും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഗംഗോത്രി തീര്‍ഥാടനപാതയിലെ പ്രധാന ഗ്രാമമായ ധരാലി തുടച്ചുനീക്കപ്പെട്ടു.
ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് ആദ്യത്തെ വന്‍ മേഘവിസ്‌ഫോടനമുണ്ടായത്. ഇതിനു പിന്നാലെയാണ് സുഖി ടോപ്പില്‍ സൈനിക ക്യാംപിന് സമീപത്തായി വീണ്ടും മേഘവിസ്‌ഫോടനമുണ്ടായതായത്. മണ്ണിടിച്ചിലില്‍ ഹര്‍ഷീലിലുള്ള സൈനിക ക്യാംപ് തകര്‍ന്നാണ് 9 സൈനികരെ കാണാതായത്. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന സ്ഥലത്തെ നിരവധി ഹോംസ്റ്റേകളും വീടുകളും ഹോട്ടലുകളും അടക്കം ഒഴുകിപ്പോയിട്ടുണ്ട്.