Kerala
വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപ്പിടിത്തം
കപ്പലിലെ രാസവസ്തുക്കളെ കുറിച്ച് കമ്പനി വിവരം മറച്ചുവെച്ചെന്ന് സൂചന

കൊച്ചി | അറബിക്കടലില്‍ കേരള തീരത്ത് അപകടത്തില്‍പ്പെട്ട വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപ്പിടിത്തം. തീ പൂര്‍ണമായി അണഞ്ഞ ശേഷം കപ്പല്‍ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് മാറ്റാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. താഴത്തെ അറയിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെയുള്ള തീപ്പിടിക്കാന്‍ സാധ്യതയുള്ള രാസവസ്തുക്കളെ കുറിച്ച് കപ്പല്‍ കമ്പനി വിവരം മറച്ചുവെച്ചതാണ് വീണ്ടും തീപ്പിടിത്തത്തിന് കാരണമായതെന്ന് കരുതുന്നു. സ്ഥിതിഗതികള്‍ ഷിപ്പിംഗ് മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. രണ്ടായിരത്തിലേറെ ലിറ്റർ എണ്ണയും കപ്പലിലുണ്ട്.
ഇന്ത്യന്‍ തീരത്തുനിന്ന് 88 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് കഴിഞ്ഞ മാസമാണ് വാന്‍ ഹായ് കപ്പല്‍ തീപ്പിടിച്ച് അപകടത്തില്‍പ്പെട്ടത്. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖല വരുന്ന 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനു പുറത്തേക്ക് കപ്പലിനെ കൊണ്ടുപോകാന്‍ കപ്പല്‍ കമ്പനിയോട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ കൊണ്ടുപോയിരുന്നില്ല.